കംബോഡിയയിൽ സൈബർ തട്ടിപ്പിനിരയായി അടിമപ്പണി; 360 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി അധികൃതർ
|ഡാറ്റാ എൻട്രി ജോലിയെന്ന പ്രതീക്ഷയിൽ കംബോഡിയയിലെത്തിയവരെയാണ് സൈബർ തട്ടിപ്പ് ജോലികൾ ചെയ്യിക്കുന്നത്.
ന്യൂഡൽഹി: കംബോഡിയയിൽ സൈബർ തട്ടിപ്പിനിരയായ അടിമകളായി ജോലി ചെയ്തുവന്ന ഇന്ത്യൻ പൗരന്മാരിൽ 360 പേരെ നാട്ടിലെത്തിച്ചതായി അധികൃതർ. കഴിഞ്ഞ നാലഞ്ചു മാസത്തിനിടെയാണ് ഇത്രയും പേരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻ്റർ (ഐ4സി) സിഇഒ രാജേഷ് കുമാർ പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 60 ഇന്ത്യക്കാർ വരും ആഴ്ചകളിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കുകിഴക്കൻ ഏഷ്യയിൽ (പ്രത്യേകിച്ച് കംബോഡിയ, മ്യാൻമർ, ലാവോസ്) നിന്ന് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കവെ കേന്ദ്ര സർക്കാർ മെയ് 16ന് ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി അധ്യക്ഷനായി ഒരു ഉന്നതതല ഇൻ്റർ മിനിസ്റ്റീരിയൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയിൽ വിദേശകാര്യം, ധനകാര്യം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്യൂണിക്കേഷൻ വകുപ്പ്, സിബിഐ, എൻഐഎ, സിബിഐസി, തപാൽ വകുപ്പ് എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും അംഗങ്ങളാണ്. സമിതി ഇതുവരെ രണ്ട് തവണ യോഗം ചേർന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് തുടരുന്ന ഈ തട്ടിപ്പ് അവസാനിപ്പിക്കാൻ കേന്ദ്രീകൃതവും യോജിച്ചതുമായ നടപടി സ്വീകരിക്കാനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നതെന്നും കുമാർ അറിയിച്ചു.
ഡാറ്റാ എൻട്രി ജോലിയെന്ന പ്രതീക്ഷയിൽ കംബോഡിയയിലെത്തിയവരെയാണ് സൈബർ തട്ടിപ്പ് ജോലികൾ ചെയ്യിക്കുന്നത്. ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങളിൽപ്പെട്ട് അവിടെ എത്തിയതോടെ തട്ടിപ്പുകാർ അവരുടെ പാസ്പോർട്ടുകൾ കൈക്കലാക്കുകയും ടെലഗ്രാം, വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ ആഡ്സ്, മറ്റ് പ്ലാറ്റ്ഫോമുകൾ, വ്യാജ ആപ്പുകൾ തുടങ്ങിയ ഓൺലൈൻ ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ ആളുകളെ കബളിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്തതായി കുമാർ പറഞ്ഞു.
മികച്ച തൊഴിലവസരങ്ങൾക്കായി മറ്റൊരു രാജ്യത്തെത്തി കബളിപ്പിക്കപ്പെടുന്ന വിദേശ പൗരന്മാരാണ് ഓൺലൈൻ തട്ടിപ്പിനായി സൈബർ അടിമകൾ ആയി പ്രവർത്തിക്കാൻ നിർബന്ധിതരാവുന്നത്. കംബോഡിയ ഇത്തരം ചൂഷണത്തിൻ്റെ ഒരു പ്രധാന ഇടമായി മാറിയിരിക്കുന്നു. നിരവധി ഇന്ത്യക്കാർ തായ്ലൻഡ് വഴിയാണ് കംബോഡിയയിൽ എത്തുന്നത്. പലരും മനുഷ്യക്കടത്തിൻ്റെ ഇരകളാണെങ്കിലും ചിലർ അറിഞ്ഞുകൊണ്ട് പോവുകയാണ്- കുമാർ പറഞ്ഞു.
ഇരകളിൽ കൂടുതലും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്- 150 പേർ. മെയ് 20ന് രാത്രി കംബോഡിയയിലെ സിഹാനൂക്ക് സിറ്റിയിൽ ഇവർ പ്രതിഷേധിച്ചിരുന്നു. ഇവരിൽ 60 പേരെ വരും ആഴ്ചകളിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും മറ്റ് 90 പേർ മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ലെന്നും തങ്ങളുടെ പാസ്പോർട്ട് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5000ലേറെ ഇന്ത്യക്കാർ കംബോഡിയയിൽ സൈബർ തട്ടിപ്പ് നടത്താൻ നിർബന്ധിതരായി കുടുങ്ങി കിടക്കുന്നു എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. തട്ടിപ്പ് സംഘം ഇന്ത്യക്കാരെ ഉപയോഗിച്ച് ആറ് മാസത്തിനുള്ളിൽ 500 കോടി രൂപയുടെ തട്ടിപ്പ് ഇന്ത്യയിൽ നടത്തിയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മംഗളൂരുവിലെ ഒരു ഏജന്റ് കംബോഡിയയിൽ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയതിനെ തുടർന്നാണ് ഐ.ടി.ഐ ബിരുദമുള്ള താൻ കംബോഡിയയിലേക്ക് പോയതെന്നാണ് രക്ഷപ്പെട്ട ഒരാൾ പറഞ്ഞത്.
കഴിഞ്ഞ ഡിസംബർ 30ന് ഒഡീഷയിലെ റൂർക്കേല പൊലീസെടുത്ത കേസിലാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ആ കേസിൽ റിക്രൂട്ട്മെന്റ് സംഘത്തിലെ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറം ലോകം അറിഞ്ഞത്. മാർച്ചിലാണ് അവിടെ നിന്നും രക്ഷപെട്ടവരുടെ വെളിപ്പെടുത്തലടക്കം പുറത്തുവന്നത്.