യു.പി.ഐ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം ചെലവഴിച്ചത് 3600 കോടി
|കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണിത്
ന്യൂഡൽഹി: രാജ്യത്ത് യു.പി.ഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ചെലവഴിച്ചത് 3600 കോടി രൂപ.വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്ക് ഐടി മന്ത്രാലയം നൽകിയ മറുപടിയിലാണ് യു.പി.ഐ, റുപെ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനായി കോടികൾ ചെലവഴിച്ചതിന്റെ കണക്കുകൾ പുറത്തുവന്നത്. ഇൻസന്റീവ് ഉൾപ്പയെുള്ളവ നൽകാനും പ്രചരണത്തിനുമാണ് ഭീമമായ തുക ചെലവഴിച്ചത്.
2021-22 കാലയളവിൽ 1039.25 കോടിയും, 2022-23 കാലയളവിൽ 1985.45 കോടിയും, 2023-24 കാലയളവിലേക്ക് . 580.24 കോടിരൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഡിജിറ്റൽ ഇക്കണോമി ആൻഡ് ഡിജിറ്റൽ പേയ്‌മെന്റ് വിഭാഗത്തിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. മീഡിയനാമയാണ് വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടത്.
യു.പി.ഐ പെയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് വ്യാപാരികളിൽ നിന്ന് യാതൊരു ഫീസും ഈടാക്കുന്നില്ല. ഇതാണ് ഈ സംവിധാനം ഇന്ത്യയിൽ സാധാരണക്കാർ പോലും വ്യാപകമായി ഉപയോഗിക്കുന്നതിന് പിന്നിലെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. യു.പി.ഐ ഇടപാടുകൾ പ്രചരിപ്പിക്കുന്നതിനും ആപ്പുകൾ നവീകരിക്കുന്നതിനുമായി ബാങ്കുകൾക്കും, ആപ്പുകൾക്കും ഇൻസെന്റീവായി 2600 കോടി രൂപയാണ് കഴിഞ്ഞ ജനുവരിയിൽ സർക്കാർ അനുവദിച്ചത്. സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ എത്ര കാലം യു.പി.ഐ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ഉന്നയിക്കുന്ന ചോദ്യം.