എൽ.കെ.ജി വിദ്യാർഥിയുടെ ഫീസ് നാല് ലക്ഷം, ഒറ്റയടിക്ക് 65 ശതമാനം വർധന; പരാതിയുമായി രക്ഷിതാക്കൾ
|അതേ സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മൂത്തമകന് ഫീസായി 3.2 ലക്ഷം രൂപയാണ് അടക്കുന്നതെന്നും രക്ഷിതാവ്
ഹൈദരാബാദ്: മുൻകാലങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസ ചെലവ് വളരെ കൂടുതലാണ്. പല സ്‌കൂളുകളും ഫീസ് ഇനത്തിലടക്കം ലക്ഷങ്ങളാണ് വാങ്ങുന്നത്. എന്നാൽ എൽ.കെ.ജി ക്ലാസിന് മാത്രം നാലു ലക്ഷം രൂപവരെ ഫീസായി ഈടാക്കിയാലോ? കേട്ടിട്ട് ഞെട്ടേണ്ട..ഹൈദരാബാദിലെ സ്‌കൂളിലാണ് ഭീമൻ ഫീസ് ഈടാക്കുന്നത്.
ഈ സ്‌കൂളിലെ വിദ്യാർഥിയുടെ രക്ഷിതാവ് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നഴ്സറിയിൽ നിന്ന് എൽകെജിയിലേക്ക് മാറുന്ന നാല് വയസ്സുള്ള കുട്ടിയുടെ ഫീസ് ഒറ്റയടിക്ക് 65 ശതമാനം വർധിപ്പിച്ചെന്നാണ് സോഷ്യൽമീഡിയ പോസ്റ്റ്. 2023-ൽ 2.3 ലക്ഷമായിരുന്ന ഫീസ് 2024-ൽ 3.7 ലക്ഷമായി ഉയർത്തുകയായിരുന്നു. ബാച്ചുപള്ളിയിലെ ഒരു പ്രമുഖ സ്‌കൂളിലാണ് ഈ വർധനവുണ്ടായതെന്ന് രക്ഷിതാവ് ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി.
'അതേ സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മൂത്തമകന് ഫീസായി 3.2 ലക്ഷം രൂപയാണ് അടക്കുന്നത്.അതിനേക്കാൾ 50,000 രൂപയാണ് എൽ.കെ.ജിയിലുള്ള ഇളയമകന് ഫീസായി നൽകേണ്ടി വരുന്നത്.സാമ്പത്തികമായി ഇത് വലിയ ഭാരമാണ് ഉണ്ടാക്കുന്നത്.കുട്ടികളെ സ്‌കൂൾ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്'. രക്ഷിതാക്കൾ പറഞ്ഞു.
എന്നാൽ ഇന്റർനാഷണൽ ബാക്കലറിയേറ്റ്(ഐ.ബി) പാഠ്യപദ്ധതിയിലേക്ക് മാറുന്നത് കൊണ്ടാണ് ഫീസിൽ വർധനവുണ്ടായതെന്നാണ് സ്‌കൂളിന്റെ വിശദീകരണം. അതേസമയം,രക്ഷിതാവിന്റെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ നിരവധി പേരാണ് സമാന അനുഭവങ്ങൾ പങ്കുവെക്കുന്നത്.
ഈ അധ്യയന വർഷത്തിൽ മിക്ക സ്‌കൂളുകളും ഫീസിൽ ശരാശരി 10 മുതൽ 12ശതമാനം വർധനവാണ് വരുത്തിയതെന്ന് രക്ഷിതാക്കൾ പറയുന്നു. 'ഈ വർഷം എന്റെ മകന് ഒന്നാം ക്ലാസിൽ ചേർക്കാനായ കുക്കട്ട്പള്ളിയിലെ പത്തോളം സ്‌കൂളുകൾ സന്ദർശിച്ചു.ഒട്ടുമിക്ക സ്‌കൂളുകളുടെയും ഫീസ് ഏകദേശം നാല് ലക്ഷം ആയിരുന്നു, ഏറ്റവും കുറവ് ഒരു ലക്ഷമാണ്'. സോഫ്റ്റ് വെയർ എഞ്ചിനീയറായ പീയുഷ് ജരോലി കമന്റ് ചെയ്തു.
എന്നാൽ ഫീസ് വർധനവിനെ സ്‌കൂളുകൾ ന്യായീകരിക്കുന്നുണ്ട്. പരിചയസമ്പന്നരായ അധ്യാപകരെ നിലനിർത്താൻ ഞങ്ങൾക്ക് മികച്ച ശമ്പളം നൽകണം,അതിന് ഫീസ് വർധനവ് അത്യാവശ്യമാണെന്നാണ് സിബിഎസ്ഇ സ്‌കൂളുകളുടെ സംഘടനയായ ഹൈദരാബാദ് സഹോദയ സ്‌കൂൾ കോംപ്ലക്‌സിന്റെ ട്രഷർ സുനിർ നാഗിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.