ഓൺലൈൻ പഠനകാലത്ത് ഗ്രാമങ്ങളിൽ 37 ശതമാനം കുട്ടികൾ തീരെ പഠിക്കുന്നില്ലെന്ന് സർവേ
|15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആഗസ്തിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ
ന്യൂഡൽഹി: ഓൺലൈൻ പഠനകാലത്ത് ഇന്ത്യയിലെ ഗ്രാമങ്ങളിൽ 37 ശതമാനം കുട്ടികൾ തീരെ പഠിക്കുന്നില്ലെന്ന് സർവേ. എട്ട് ശതമാനം വിദ്യാർഥികൾ മാത്രമാണ് ഓൺലൈൻ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കുന്നതെന്നും പാവപ്പെട്ട 97 ശതമാനം രക്ഷിതാക്കളും എത്രയും പെട്ടെന്ന് സ്‌കൂൾ തുറക്കണമെന്ന് ആഗ്രഹിക്കുന്നതായും സർവേ കണ്ടെത്തി. 15 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആഗസ്തിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
1400 കുട്ടികൾ പങ്കെടുത്ത സർവേ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ബുദ്ധിമുട്ടുകൾ പങ്കുവെക്കുന്നതാണ്. സാമ്പത്തിക ശാസ്ത്രജ്ഞരായ ജീൻ ഡ്രീസും റീതിക ഖേരയും ഗവേഷകനായ വിപുൽ പൈക്രയും ചേർന്ന് 100 വളണ്ടിയർമാരോടൊപ്പം നടത്തിയതാണ് പഠനം.
പകുതിയോളം രക്ഷിതാക്കൾ ലോക്ഡൗൺ കാലത്ത് തങ്ങളുടെ മക്കളുടെ പഠനം ഏറെ പിന്നാക്കം പോയെന്ന് കരുതുന്നവരാണ്. അതിനാൽ തന്നെ അവർ സ്‌കൂൾ തുറക്കുന്നത് കാത്തിരിക്കുകയുമാണ്. സ്‌കൂൾ പഠനം വഴി മാത്രമാണ് അവർക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുകയെന്നും അവർ വിചാരിക്കുന്നു.
ഓൺലൈൻ പഠനം മുടങ്ങാനുള്ള പ്രധാന കാരണം സ്മാർട്ട് ഫോണുകളില്ലാത്തതാണ്. സ്മാർട്ട് ഫോണുള്ള വീടുകളിൽ പോലും കൃത്യമായി ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികൾ നഗരങ്ങളിൽ 31 ശതമാനവും ഗ്രാമങ്ങളിൽ 15 ശതമാനവുമാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
സ്‌കൂളുകൾ അടച്ച കാലത്ത്, വിദ്യാർഥികളുടെ ഓൺലൈൻ പഠനം നടക്കുന്നത് ഉറപ്പാക്കാൻ അസം, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഒന്നും ചെയ്തില്ല. കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ അധ്യാപകരോട് വിദ്യാർഥികളുടെ വീട് സന്ദർശിക്കാനും ഓഫ്‌ലൈൻ വർക്കുകൾ നൽകാനും നിർദേശിച്ചിരുന്നു. പക്ഷേ, ഫലം സന്തുഷ്ടകരമായിരുന്നില്ല.
ഹോം വർക്കുകൾ കുട്ടികൾക്ക് മനസ്സിലാക്കാൻ ആകുന്നതായിരുന്നില്ല. പലർക്കും ചെയ്ത വർക്കുകളിൽ ഫീഡ്ബാക്ക് കിട്ടിയില്ല. വീട്ടിൽനിന്ന് പഠന സഹായം കിട്ടാത്ത വിദ്യാർഥികൾക്ക് ഇവ ഒട്ടും ഗുണം ചെയ്തില്ലെന്നും പഠനം പറഞ്ഞു.
നഗരങ്ങളിൽ 23 ശതമാനം പേർ തങ്ങളുടെ കുട്ടികൾക്ക് മതിയായ ഓൺലൈൻക്ലാസ് കിട്ടിയെന്ന് കരുതുന്നു. ഗ്രാമങ്ങളിൽ എട്ടു ശതമാനം പേരാണ് ഇങ്ങനെ കരുതുന്നത്.
ഗ്രാമങ്ങളിലെ പല കുട്ടികൾക്കും ഓൺലൈൻ പഠനസാമഗ്രികൾ ലഭിക്കുന്നില്ല. അല്ലെങ്കിൽ അവയെ കുറിച്ച് ധാരണയില്ല.
ഗ്രാമങ്ങളിലെ എസ്‌സ എസ്ടി വിഭാഗങ്ങളിൽ നാലു ശതമാനം കുട്ടികളാണ് കൃത്യമായ ഓൺലൈൻ വിദ്യാഭ്യാസം നേടുന്നത്. ഇതര വിഭാഗങ്ങളിൽ 15 ശതമാനമാണ് ഓൺലൈനായി പഠിക്കുന്നത്.
കോവിഡ് വ്യാപിച്ചതോടെ കഴിഞ്ഞ വർഷം മാർച്ചിലാണ് സ്‌കൂളുകൾ അടച്ചത്. കോവിഡ് രണ്ടാം തരംഗം ശമിച്ചതോടെ ചില സംസ്ഥാനങ്ങൾ സെക്കൻഡറി വിദ്യാർഥികൾക്കായി സ്‌കൂൾ തുറന്നു. എന്നാൽ സമ്പൂർണ സ്‌കൂൾ പ്രവർത്തനം എവിടെയുമില്ല.