India
4 BJP MLAs marshalled out of Delhi Assembly
India

ഡൽഹിയിൽ നാല് ബി.ജെ.പി എം.എൽ.എമാരെ നിയമസഭയിൽനിന്ന് പുറത്താക്കി

Web Desk
|
17 Aug 2023 10:24 AM GMT

മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിനിടെ സഭാ മര്യാദകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ന്യൂഡൽഹി: ഡൽഹിയിൽ നാല് ബി.ജെ.പി എം.എൽ.എമാരെ നിയമസഭയിൽനിന്ന് പുറത്താക്കി. മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിനിടെ സഭാ മര്യാദകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിനായി പ്രത്യേക സഭാ സമ്മേളനം വിളിച്ചുകൂട്ടിയിരുന്നു. ചർച്ച പുരോഗമിക്കുന്നതിനിടെ എം.എൽ.എമാർ അതിരുവിട്ട രീതിയിൽ പെരുമാറിയതിനെ തുടർന്ന് മാർഷൽമാരെ വിളിച്ചുവരുത്തി സഭയിൽനിന്ന് പുറത്താക്കുകയായിരുന്നു.

മണിപ്പൂർ വിഷയം ചർച്ച ചെയ്യുന്നതിൽനിന്ന് ഓടിയൊളിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എ.എ.പി നേതാവും മന്ത്രിയുമായ ഗോപാൽ റായ് പറഞ്ഞു. അവിശ്വാസപ്രമേയം അവതരിപ്പിച്ചപ്പോൾ മാത്രമാണ് മോദി മണിപ്പൂരിനെക്കുറിച്ച് മിണ്ടാൻ തയ്യാറായത്. മണിപ്പൂർ വിഷയത്തിൽ രാജ്യം മുഴുവൻ പ്രക്ഷുബ്ധമാവുമ്പോൾ ബി.ജെ.പി അത് ചർച്ച ചെയ്യുന്നതിനെ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അരവിന്ദ് കെജ്‌രിവാൾ സർക്കാർ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി എം.എൽ.എ വിജേന്ദർ ഗുപ്ത പറഞ്ഞു. ഡൽഹിയുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകുന്നില്ല. അഴിമതിയെക്കുറിച്ച് ചോദിക്കുമ്പോൾ അവർ മണിപ്പൂരിനെക്കുറിച്ച് പറയുകയാണെന്നും വിജേന്ദർ ഗുപ്ത പറഞ്ഞു.

Similar Posts