വീട്ടിലെ റെയ്ഡിനിടെ യുവാവ് വീണ് മരിച്ചു; യു.പിയിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ
|ബിജ്നോർ സ്വദേശി ഷെഹ്സാദ് (40) ആണ് മരിച്ചത്.
ലഖ്നൗ: പൊലീസ് റെയ്‍ഡിനിടെ യുവാവ് വീടിന് മുകളിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. യു.പിയിലെ ബിജ്നോറിലാണ് സംഭവം. ഭീഷണിപ്പെടുത്തൽ കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ വീടിന്റെ മുകളിൽ നിന്ന് വീണ് മരിച്ചതിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബിജ്നോർ സ്വദേശി ഷെഹ്സാദ് (40) ആണ് മരിച്ചത്. ഇയാൾക്കെതിരെ ഐപിസി 503 (ഭീഷണിപ്പെടുത്തൽ), 341 (തടഞ്ഞുവയ്ക്കൽ) എന്നീ വകുപ്പുകൾ ചുമത്തി ധംപൂർ പൊലീസ് സ്റ്റേഷനിൽ ആഗസ്റ്റ് 28ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരു സ്ത്രീ നൽകിയ പരാതിയിലായിരുന്നു നടപടി.
അന്നുമുതൽ പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്പി നീരജ് കുമാർ ജദൗൻ പറഞ്ഞു. 'വ്യാഴാഴ്ച വൈകുന്നേരം ബിജ്‌നോർ റൂറൽ പൊലീസ് സംഘം പ്രതിയെ പിടികൂടാനായി വീട്ടിൽ റെയ്ഡ് നടത്തി. പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെഹ്‌സാദ് വീടിന്റെ മുകളിൽ നിന്ന് താഴെ വീഴുകയും മരിക്കുകയുമായിരുന്നു'- ജദൗൻ പറഞ്ഞു.
ഇത് പൊലീസുകാരുടെ ഡ്യൂട്ടിയിലെ വീഴ്ച വ്യക്തമാക്കുന്നു. സംഭവത്തിൽ സബ് ഇൻസ്പെക്ടർ അനിൽ, ഹെഡ് കോൺസ്റ്റബിൾ മനോജ് കുമാർ, കോൺസ്റ്റബിൾമാരായ അങ്കിത് റാണ, വിജയ് തോമർ എന്നിവരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഷെഹ്സാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.