സൗജന്യമായി ഇളനീർ നൽകിയില്ല; യു.പിയിൽ കച്ചവടക്കാരനെ മർദിച്ച നാല് പൊലീസുകാർക്ക് സസ്പെൻഷൻ
|സംഭവത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ, ഫോൺ തട്ടിപ്പറിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തതായി കച്ചവടക്കാരൻ പറഞ്ഞു.
ലഖ്നൗ: ഉത്തർപ്രദേശിൽ സൗജന്യമായി കരിക്കിൻവെള്ളം നൽകാത്തതിനും പ്രതിദിനം 1000 രൂപ കൈക്കൂലി നൽകാത്തതിനും നാളികേര കച്ചവടക്കാരനെ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. കാൺപൂരിലെ നാല് പൊലീസുകാർക്കെതിരെയാണ് നടപടി.
മെയ് 15നാണ് സംഭവം. നാല് പൊലീസുകാർ തൻ്റെ അടുത്ത് വന്ന് പണം നൽകാതെ കരിക്ക് ആവശ്യപ്പെട്ടതായി കരിക്ക് കച്ചവടക്കാരനായ ചന്ദ്രകുമാർ പ്രജാപതി പറഞ്ഞു. രണ്ട് മാസത്തോളമായി പൊലീസുകാർ സൗജന്യമായി കരിക്കിൻവെള്ളം കുടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരിക്കും അവർ ചോദിച്ച 1000 രൂപയും നൽകാൻ വിസമ്മതിച്ചതോടെ പൊലീസുകാർ തന്നെ അസഭ്യം പറയുകയും കരിക്കെടുത്ത് കുടിക്കുകയും ഇടിക്കുകയും ചവിട്ടുകയും ചെയ്തതായി പ്രജാപതി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ, ഫോൺ തട്ടിപ്പറിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
'ഞാൻ ഒരു വീഡിയോ എടുക്കാൻ ശ്രമിച്ചു. പക്ഷേ പൊലീസുകാർ എന്നെ മർദിക്കുകയും ചവിട്ടുകയും ചെയ്തു. എന്നെ അധിക്ഷേപിച്ചുകൊണ്ട് അവർ ബലമായി ജീപ്പിൽ പിടിച്ചുകയറ്റി. സൗജന്യമായി ഇളനീർ നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'- പ്രജാപതി പറഞ്ഞു.
തുടർന്ന് പ്രജാപതിയുടെ ഫോണിൽ നിന്ന് പൊലീസുകാർ വീഡിയോ ഡിലീറ്റ് ചെയ്തു. തുടർന്ന് ഒരു വെള്ള പേപ്പറിൽ ഒപ്പിടാൻ നിർബന്ധിക്കുകയും പൊലീസുകാർക്ക് സൗജന്യമായി കരിക്ക് നൽകിയിട്ടില്ലെന്ന് പറയുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
സംഭവത്തിൽ പ്രജാപതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയായിരുന്നു. കരിക്ക് വിൽപനക്കാരൻ സൗജന്യമായി ഇളനീർ നൽകാനും കൈക്കൂലി നൽകാനും വിസമ്മതിച്ചതിനെ തുടർന്നാണ് നാല് പൊലീസുകാർ ചേർന്ന് മർദിച്ചതെന്ന് കാൺപൂർ പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
എസിപി അന്വേഷണം നടത്തി നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും തുടർന്ന് തുടർനടപടി സ്വീകരിക്കുമെന്നും അഡീഷണൽ എസിപി ഹരീഷ് ചന്ദ്ര പറഞ്ഞു.