ലൈംഗിക പീഡന ആരോപണം: രഞ്ജന്‍ ഗോഗോയ് പ്രസംഗിക്കുന്നതിനിടെ വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി
|ആദ്യമായാണ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റത്
ഡല്‍ഹി: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും നോമിനേറ്റഡ് എം.പിയുമായ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ രാജ്യസഭയില്‍ നിന്ന് നാല് വനിതാ എം.പിമാര്‍ ഇറങ്ങിപ്പോയി. ജയ ബച്ചൻ (സമാജ്വാദി പാര്‍ട്ടി), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ധവ് പക്ഷം), വന്ദന ചവാൻ (എൻ.സി.പി), സുസ്മിത ദേവ് (തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ഇറങ്ങിപ്പോയത്. ലൈംഗികാതിക്രമ പരാതി നേരിട്ട രഞ്ജൻ ഗൊഗോയിക്ക് സംസാരിക്കാൻ അനുമതി നൽകിയതിലാണ് പ്രതിഷേധം.
ഡൽഹി സർവീസ് ബിൽ ചർച്ചയ്ക്കിടെ സംസാരിക്കാൻ രഞ്ജൻ ഗൊഗോയിയെ രാജ്യസഭാ അധ്യക്ഷൻ ക്ഷണിച്ചു. ആദ്യമായാണ് ഗൊഗോയ് രാജ്യസഭയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റത്. ഉടന്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായി. ‘മീ ടൂ’ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. പിന്നാലെയാണ് വനിതാ എംപിമാര്‍ ഇറങ്ങിപ്പോയത്.
രഞ്ജന്‍ ഗൊഗോയിക്കെതിരായ 2019ലെ ലൈംഗിക ആരോപണക്കേസ് ഉന്നയിച്ചാണ് പ്രതിഷേധം. സുപ്രിംകോടതിയിലെ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്. ആരോപണങ്ങൾ നിഷേധിച്ച ഗൊഗോയ്, കേസ് പരിഗണിക്കാൻ തന്റെ നേതൃത്വത്തിൽതന്നെ അടിയന്തര ബെഞ്ച് രൂപീകരിച്ചു. ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരസ്യ പ്രസ്താവന നടത്തി. ഈ നടപടി വിവാദമായതോടെ ആരോപണം അന്വേഷിക്കാൻ മൂന്നംഗ ജഡ്ജിമാരടങ്ങിയ കമ്മറ്റി രൂപീകരിച്ചു. സുപ്രിംകോടതിയുടെ ഈ ആഭ്യന്തര അന്വേഷണ സമിതി ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്കി.
2020ലാണ് രാജ്യസഭാംഗമായി രഞ്ജൻ ഗെഗോയ് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. രാജ്യസഭയില്‍ ഹാജരാവാത്തതിനെ ചൊല്ലി ഗൊഗോയ് വിമര്‍ശനം നേരിട്ടിരുന്നു. ഇന്ന് രാജ്യസഭയില്‍ ആദ്യമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിഷേധവുമുണ്ടായി.