40 നോട്ടെണ്ണല്‍ മെഷീനുകള്‍, അഞ്ചു ദിവസം നീണ്ടുനിന്ന എണ്ണല്‍; കോണ്‍ഗ്രസ് എം.പിയുടെ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 353 കോടി
|ഒരു സ്ഥാപനത്തിൽ നിന്നും ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്
ഡല്‍ഹി: ജാർഖണ്ഡിലെ കോൺഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിന്‍റെ സ്ഥാപനങ്ങളിൽ അഞ്ചാംദിവസവും റെയ്ഡ് തുടർന്ന് ആദായനികുതി വകുപ്പ്. ഇതുവരെ 353 കോടി രൂപ കണ്ടെടുത്തു. ഒരു സ്ഥാപനത്തിൽ നിന്നും ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.
അഞ്ചു ദിവസം കൊണ്ടാണ് പണം മുഴുവന്‍ എണ്ണിത്തീര്‍ത്തത്. 50 ബാങ്ക് ഉദ്യോഗസ്ഥരും 40 വോട്ടെണ്ണല്‍ മെഷീനുകളും വേണ്ടിവന്നു ഈ ഉദ്യമത്തിന്. എം.പിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒഡിഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. ബലംഗീർ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 305 കോടിയാണ് കണ്ടെടുത്തത്. സംബല്‍പൂരില്‍ നിന്ന് 37.5 കോടിയും തിത്‌ലഗഢില്‍ 11 കോടിയും പിടിച്ചെടുത്തു. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം, ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത എല്ലാ പണവും തിങ്കളാഴ്ച ബലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയിൽ നിക്ഷേപിക്കും. ഈ പ്രക്രിയക്കിടയിലും ബാങ്ക് പൊതുജനങ്ങൾക്കായി സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് എസ്ബിഐ റീജിയണൽ മാനേജർ സ്ഥിരീകരിച്ചു.
176 ബാഗുകളിൽ 140 എണ്ണം ടീമുകൾ എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും ബാക്കി 36 എണ്ണം തിങ്കളാഴ്ച എണ്ണാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും എസ്ബിഐ റീജണൽ മാനേജർ ഭഗത് ബെഹ്‌റ പറഞ്ഞു.