ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ 40 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍; ഓക്സിജനും ഭക്ഷണവുമെത്തിച്ചതായി രക്ഷാപ്രവര്‍ത്തകര്‍
|ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കാനുള്ള തുരങ്കമാണ് ഇന്നലെ ഭാഗികമായി ഇടിഞ്ഞത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ നിർമാണം നടക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 40 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കാനുള്ള തുരങ്കമാണ് ഇന്നലെ ഭാഗികമായി ഇടിഞ്ഞത്.
ഉത്തരകാശി ജില്ലയിലെ ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് ഭാഗികമായി തകർന്നത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.40 തൊഴിലാളികളും സുരക്ഷിതരാണെന്നും പൈപ്പ് വഴി ഓക്സിജൻ വിതരണം ചെയ്യുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും കുടുങ്ങിയ തൊഴിലാളികളുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രശാന്ത് കുമാർ പറഞ്ഞു. തൊഴിലാളികളുമായി ആശയവിനിമയം ആരംഭിച്ചതായും അവർക്ക് വെള്ളവും ഭക്ഷണസാധനങ്ങളും എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുരങ്കത്തിന്‍റെ തകർന്ന ഭാഗം പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്നും തുരങ്കം തുറക്കുന്നതിനായി ഇതുവരെ സ്ലാബിന്‍റെ 20 മീറ്ററോളം നീക്കം ചെയ്തിട്ടുണ്ട്. എക്‌സ്‌കവേറ്ററുകളും മറ്റ് ഹെവി മെഷീനുകളും ഉപയോഗിച്ച് സംഘം അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് തുരങ്കം നിര്‍മിക്കുന്നത്. ഉത്തരകാശിയിൽ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റർ കുറയ്ക്കുകയാണ് തുരങ്കനിര്‍മാണത്തിന്‍റെ ലക്ഷ്യം.
"സംഭവത്തെക്കുറിച്ച് അറിഞ്ഞത് മുതൽ ഞാൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. എൻഡിആർഎഫും എസ്ഡിആർഎഫും സ്ഥലത്തുണ്ട്. എല്ലാവരുടെയും സുരക്ഷിതമായ തിരിച്ചുവരവിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു," മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.