44 ശതമാനം ലോക്സഭാ എം.പിമാരും ക്രിമിനൽ കേസ് പ്രതികൾ: റിപ്പോർട്ട്
|ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട എം.പിമാരിൽ അമ്പത് ശതമാനത്തിലേറെയും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്
ന്യൂഡൽഹി: 17ാം ലോക്സഭയിലെ 514 സിറ്റിംഗ് എംപിമാരിൽ 225 പേർ ക്രിമിനൽ കേസിൽ തങ്ങൾക്ക് പങ്കുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സർക്കാരിതര സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട്. അഥവാ മൊത്തം സിറ്റിംഗ് അംഗങ്ങളുടെ 44% പേരും ക്രിമിനൽ കേസിൽ പ്രതികളാണെന്നാണ് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സിറ്റിംഗ് എംപിമാരുടെ ക്രിമിനൽ പശ്ചാത്തലം, സാമ്പത്തികം, വിദ്യാഭ്യാസം, ലിംഗഭേദം, മറ്റ് വിശദാംശങ്ങൾ എന്നിവയുടെ വിശകലനം എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് 514 എംപിമാർ സമർപ്പിച്ച സ്വയം സത്യവാങ്മൂലം വിശകലനം ചെയ്താണ് പഠനം നടത്തിയത്.
ബിജെപിയുടെ 294 എം.പിമാരിൽ 118 പേർ അഥവാ 40 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുണ്ട്. അതേസമയം, കോൺഗ്രസിന്റെ 46 എം.പിമാരിൽ 26 പേർക്കെതിരെ (57 ശതമാനം),യും ഡി.എം.കെയുടെ 24 എം.പിമാരിൽ 11 പേർക്കെതിരെ(46 ശതമാനം)യുമാണ് ക്രിമിനൽ കേസുള്ളത്.
തൃണമൂൽ കോൺഗ്രസിന്റെ 19 എം.പിമാരിൽ എട്ടു പേരാണ് ക്രിമിനൽ കേസ് പ്രതികളായുള്ളത്. അതേസമയം, 16 ജനതാദൾ(യുണൈറ്റഡ്) എം.പിമാരിൽ 12 പേർക്കെതിരെയും 17 യുവജന സ്രാമിക റെയ്തു കോൺഗ്രസ് പാർട്ടി എം.പിമാരിൽ എട്ട് പേർക്കെതിരെയും ക്രിമിനൽ കേസുള്ളതായി അവരുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
ഏകദേശം മൂന്നിലൊന്ന് എം.പിമാർക്കെതിരെ (അഥവാ 514പേരിൽ 149) ഗുരുതര ക്രിമിനൽ കേസുകളുണ്ട്. കൊലപാതകം, വധശ്രമം, വർഗീയ ധ്രുവീകരണം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
കൊലപാതക കുറ്റം ചുമത്തപ്പെട്ട ഒമ്പത് എം.പിമാരിൽ അഞ്ച് പേർ ബി.ജെ.പിയിൽനിന്നാണ്. ബാക്കി ഓരോ എം.പിമാർ കോൺഗ്രസ്, ബഹുജൻ സമാജ്വാദി പാർട്ടി, വൈ.എസ്.ആർ കോൺഗ്രസ്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയുമാണ്. ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട എം.പിമാരിൽ അമ്പത് ശതമാനത്തിലേറെയും ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിലെ വിവരപ്രകാരം എം.പിമാരുടെ സമ്പാദ്യവും റിപ്പോർട്ട് വിശകലനം ചെയ്തു. 514 എം.പിമാരിൽ 25 പേരാണ് കോടീശ്വരന്മാർ അല്ലെങ്കിൽ 100 കോടിയിലേറെ വസ്തുവകകളുണ്ടെന്ന് വെളിപ്പെടുത്തിയവർ. ആകെ എം.പിമാരിൽ അഞ്ച് ശതമാനം മാത്രമാണിവർ. ബിജെപിക്കും കോൺഗ്രസിനുമാണ് കൂടുതൽ കോടീശ്വര എം.പിമാരുള്ളത്, ഒമ്പതും രണ്ടും. കോൺഗ്രസിന്റെ നകുൽ നാഥ് (660 കോടിയിലേറെ), ഡി.കെ സുരേഷ് (338 കോടി), സ്വതന്ത്രനായ കനുമുരു രഘു രാമ കൃഷ്ണ രാജു (325 കോടി) എന്നിവരാണ് ഏറ്റവും സമ്പാദ്യം സത്യവാങ്മൂലത്തിൽ പറഞ്ഞ എം.പിമാർ.
'അക്ബർപൂർ മണ്ഡലത്തിലെ എംപി ദേവേന്ദ്ര സിംഗി[ബിജെപി]ന്റെ സത്യവാങ്മൂലം മോശമായി സ്കാൻ ചെയ്തതിനാൽ വിശകലനം ചെയ്തിട്ടില്ല, 28 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയുമാണ്' റിപ്പോർട്ടിൽ പറഞ്ഞു.
44 percent of Lok Sabha MPs accused in criminal cases: Association of Democratic Reforms report