യുപിയിലെ ഫിറോസാബാദില്‍ 10 ദിവസത്തിനിടെ മരിച്ചത് 45 കുട്ടികള്‍; ഡെങ്കിയെന്ന് സംശയം
|കൂട്ടമരണത്തെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ മരിച്ചത് 45 കുട്ടികളുള്‍പ്പെടെ 53 പേര്‍. കൂട്ടമരണത്തെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മരണത്തിന് കാരണം ഡെങ്കിപ്പനിയാണെന്നും സംശയമുണ്ട്.
കഴിഞ്ഞ ദിവസങ്ങളായി ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഫിറോസാബാദ് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തുവരുന്നത്. പനി ബാധിച്ച കുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കുകയാണ് ആശുപത്രി. എന്തുചെയ്യണമെന്നറിയാതെ പ്രാര്‍ഥനയോടെ മാതാപിതാക്കളും. ആറു വയസുകാരനായ ലക്കിയെ പനി ബാധിച്ച് മൂന്നു ദിവസമായി കിടപ്പിലായതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ലക്കിയെ ആഗ്രയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആഗ്രയിലെത്തുന്നതിന് പത്തു മിനിറ്റ് മുന്‍പ് ലക്കി മരിച്ചതായി അമ്മാവന്‍ പ്രകാശ് എന്‍.ഡി ടിവിയോട് പറഞ്ഞു.
ഒരു കുടുംബത്തില്‍ നിന്നു തന്നെ ഒന്നിലേറെ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 186 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരിലേറെയും കുട്ടികളാണ്. കുട്ടികളില്‍ ഏറെ പേര്‍ക്കും വൈറല്‍ പനിയാണെന്നും ചിലര്‍ക്ക് ഡെങ്കി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. എല്‍ കെ ഗുപ്ത പറഞ്ഞു. ആഗസ്ത് 18നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്.
കുട്ടികളില്‍ രോഗം വ്യാപിച്ചതോടെ ജില്ലയില്‍ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകള്‍ക്ക് ജില്ല മജിസ്‌ട്രേറ്റ് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഫിറോസാബാദ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിരുന്നു. പനി ബാധിച്ചു മരിച്ച കുട്ടികളുടെ വീടുകളിലും സന്ദര്‍ശനം നടത്തിയിരുന്നു.