![47കാരനായ ബി.ജെ.പി നേതാവ് സമാജ്‌വാദി പാർട്ടി നേതാവിന്റെ 26കാരിയായ മകളേയും കൊണ്ട് ഒളിച്ചോടി; കേസ് 47കാരനായ ബി.ജെ.പി നേതാവ് സമാജ്‌വാദി പാർട്ടി നേതാവിന്റെ 26കാരിയായ മകളേയും കൊണ്ട് ഒളിച്ചോടി; കേസ്](https://www.mediaoneonline.com/h-upload/2023/01/19/1346685-47.webp)
47കാരനായ ബി.ജെ.പി നേതാവ് സമാജ്‌വാദി പാർട്ടി നേതാവിന്റെ 26കാരിയായ മകളേയും കൊണ്ട് ഒളിച്ചോടി; കേസ്
![](/images/authorplaceholder.jpg?type=1&v=2)
വിവാഹിതനും 21കാരനായ മകനടക്കം രണ്ട് മക്കളുടെ പിതാവുമായ നേതാവാണ് യുവതിയേയും കൊണ്ട് ഒളിച്ചോടിയത്.
ലഖ്നൗ: ഉത്തർപ്രദേശിൽ 47കാരനായ ബി.ജെ.പി നേതാവ് സമാജ്‌വാദി പാർട്ടി നേതാവിന്റെ 26കാരിയായ മകളേയും കൊണ്ട് ഒളിച്ചോടി. യു.പിയിലെ ഹർദോയ് ജില്ലയിലാണ് സംഭവം.
വിവാഹിതനും രണ്ട് മക്കളുമുള്ള ആശിഷ് ശുക്ലയെന്ന നേതാവാണ് യുവതിയേയും കൊണ്ട് ഒളിച്ചോടിയത്. 21കാരനായ മകനും ഏഴ് വയസുള്ള മകളുമാണ് ഇയാൾക്കുള്ളത്.
സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ, പാർട്ടി വിരുദ്ധ നടപടികൾക്ക് ഇയാളെ പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചു. യുവതിയുടെ താൽപര്യമില്ലാതെ വീട്ടുകാർ അവരുടെ വിവാഹം തീരുമാനിച്ചിരുന്നു.
എന്നാൽ യുവതി ബി.ജെ.പി നേതാവുമായി അടുപ്പത്തിലായിരുന്നു. വീട്ടുകാർ കല്യാണം ഉറപ്പിച്ചതോടെ ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, പാർട്ടിയുടെ സിറ്റി ജനറൽ സെക്രട്ടറിയായ ആശിഷ് ശുക്ലയെ പദവിയിൽ നിന്നും നീക്കുകയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ബി.ജെ.പി ഹർദോയ് ജില്ലാ മീഡിയ ഇൻ ചാർജ് ഗൻഗേഷ് പഥക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർട്ടി നയങ്ങൾക്കെതിരെ പ്രവർത്തിച്ചതിനും ചുമതലയിൽ വീഴ്ച വരുത്തിയതിനുമാണ് നടപടി. ഇനി ശുക്ലയ്ക്ക് പാർട്ടിയുമായി ബന്ധമില്ല. ഇയാൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് പൂർണ അധികാരമുണ്ടെന്നും പഥക് കൂട്ടിച്ചേർത്തു.