ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം; ഗുഡ്സ് ട്രെയിൻ പാളം തെറ്റി
|മൂന്ന് ദിവസം മുമ്പാണ് ഒഡീഷയിലെ തന്നെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 275 പേർ കൊല്ലപ്പെട്ടത്
ബർഗഢ്: ഒഡീഷയിൽ വീണ്ടും ട്രെയിൻ അപകടം.ബർഗഢ് ജില്ലയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. മെന്ദപാലിക്ക് സമീപമാണ് ഗുഡ്സ് ട്രെയിനിന്റെ അഞ്ച് ബോഗികൾ പാളം തെറ്റിയത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മൂന്ന് ദിവസം മുമ്പാണ് ഒഡീഷയിലെ തന്നെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 275 പേർ കൊല്ലപ്പെട്ടത്. ഈ അപകടം നടന്നതിന്റെ 500 കിലോമീറ്റർ അകലെയാണ് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയത്.
ദുംഗൂരിയിൽ നിന്ന് ബർഗറിലേക്ക് പോവുകയായിരുന്നു ഗുഡ്സ് ട്രെയിൻ. ചുണ്ണാമ്പുകല്ലുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ വാഗണുകൾ സംബർധാരയ്ക്ക് സമീപമാണ് പാളം തെറ്റിയത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, സ്വകാര്യ നാരോ ഗേജ് റെയിൽവെ പാതയിലാണ് അപകടം നടന്നതെന്നും ഇവ ഇന്ത്യൻ റെയിൽവേ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.
മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഒഡീഷയിലെ ബാലസോറിലുണ്ടായത്. അപകടത്തിൽ ഏകദേശം 275 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വിശദീകരിച്ചത്.