പിടിച്ചെടുത്ത 125 കുപ്പി മദ്യവും 15 ടേബിൾ ഫാനും മോഷ്ടിച്ചു; ഗുജറാത്തിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ
|പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളും ഫാനുകളുമാണ് മോഷ്ടിച്ചത്.
ഗാന്ധിനഗർ: പൊലീസ് സ്റ്റേഷനിൽ നിന്ന് 125 കുപ്പി മദ്യവും 15 ടേബിൾ ഫാനും അടക്കം 1.97 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ അഞ്ച് പൊലീസുകാർ അറസ്റ്റിൽ. ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ബകോർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. പിടിച്ചെടുത്ത മദ്യവും ഫാനുകളും വനിതാ ലോക്കപ്പിലാണ് സൂക്ഷിച്ചിരുന്നത്.
''ടേബിൾ ഫാൻ പെട്ടികളിൽ വിദേശമദ്യം കടത്താൻ ശ്രമിച്ച ആളിൽനിന്ന് 482 കുപ്പി മദ്യവും 75 ടേബിൾ ഫാനുകളും പിടിച്ചെടുത്തിരുന്നു. സ്റ്റോർ റൂം ഫുൾ ആയതിനാലാണ് വനിതാ ലോക്കപ്പിൽ സാധനങ്ങൾ സൂക്ഷിച്ചത്. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുന്നതിനാൽ പിടിച്ചെടുത്ത വസ്തുക്കളുടെ രേഖ നൽകാനും പൊലീസ് സ്റ്റേഷൻ വൃത്തിയാക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലോക്കപ്പ് വൃത്തിയാക്കുന്നതിനിടെ മദ്യക്കുപ്പികളുടെയും ഫാനുകളുടെയും കാലിയായതോ തകർന്നതോ ആയ പെട്ടികൾ കണ്ടെത്തുകയായിരുന്നു''-ഡി.എസ്.പി പി.എസ് വാൽവി പറഞ്ഞു.
എ.എസ്.ഐ അരവിന്ദ് കാന്ദ് ആണ് ഒക്ടോബർ 25ന് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. രാത്രി 10 മണിയോടെ അരവിന്ദ് കാന്ദ് ഹെഡ് കോൺസ്റ്റബിൾ ലളിത് പർമാറിന്റെ നേതൃത്വത്തിൽ ലോക്കപ്പിൽ പ്രവേശിക്കുന്നതിന്റെയും മദ്യക്കുപ്പികളുമായി പുറത്തുവരുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.