ബാബരി കേസിൽ വിധിപറഞ്ഞ അഞ്ചു ജഡ്ജിമാർക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം
|സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഒഴികെയുള്ള ജഡ്ജിമാരെല്ലാം വിരമിച്ചിട്ടുണ്ട്
ലഖ്നൗ: ബാബരി കേസിൽ വിധിപറഞ്ഞ ജഡ്ജിമാർക്ക് പ്രാണരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം. വിധിപറഞ്ഞ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിനാണു ക്ഷണം ലഭിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ ചടങ്ങ് നടക്കുന്നത്.
വർഷങ്ങൾ നീണ്ട നിയമവ്യവഹാരത്തിന് അന്ത്യംകുറിച്ച് 2019 നവംബറി ഒൻപതിനായിരുന്നു ബാബരി കേസിലെ നിർണായക വിധി വന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, 2019 മുതൽ 2021 വരെ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരാണ് വിധിപറഞ്ഞ ബെഞ്ചിലുണ്ടായിരുന്നത്. ഇതിൽ ജ. ചന്ദ്രചൂഢ് ഒഴികെയുള്ളവരെല്ലാം വിരമിച്ചിട്ടുണ്ട്.
ബാബരിയുടെ ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകുകയായിരുന്നു സുപ്രിംകോടതി ബെഞ്ച്. മുസ്ലിംകൾക്കു നഷ്ടപരിഹാരമായി അയോധ്യയിൽ തന്നെ അഞ്ച് ഏക്കർ ഭൂമി നൽകാനും കോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിനു തുടക്കം കുറിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രം പ്രസിഡന്റ് മഹന്ത് നകൃത്യഗോപാൽദാസ് കർമങ്ങൾക്കു നേതൃത്വം നൽകും. ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുക്കും.
ചടങ്ങിന്റെ മുന്നോടിയായി ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാംലല്ല വിഗ്രഹം സ്ഥാപിച്ചു. മൈസൂരു സ്വദേശി അരുൺ യോഗിരാജ് നിർമിച്ച വിഗ്രഹമാണ് രാമക്ഷേത്രത്തിലെത്തിച്ചത്. വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) മാധ്യമ വിഭാഗം ഇൻചാർജ് ശരദ് ശർമ വിഗ്രഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
Summary: 5 Supreme Court Judges who gave Babri verdict invited for Ram mandir consecration ceremony