ഉത്തർപ്രദേശിൽ അഞ്ചുവയസ്സുകാരിയെ കുരങ്ങുകൾ കടിച്ചുകൊന്നു
|നേരത്തെ പ്രദേശത്ത് കോഴികളെയും മറ്റു വളർത്തുമൃഗങ്ങളെയും കുരങ്ങൻമാർ ആക്രമിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ ആക്രമിച്ച സംഭവങ്ങൾ കുറവാണെന്നു നാട്ടുകാർ പറയുന്നു
ഉത്തർപ്രദേശിലെ ബിച്പുരി ഗ്രാമത്തിൽ അഞ്ചുവയസ്സുകാരി കുരങ്ങുകളുടെ ക്രൂരമായ ആക്രമണത്തിൽപെട്ട് മരിച്ചു. ബിത്രി ചെൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണു സംഭവം. പ്രദേശത്തു കൂടിയൊഴുകുന്ന നകടിയ നദിയുടെ കരയിൽ തന്റെ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന പെൺകുട്ടിയെ കുരങ്ങുകളുടെ സംഘമെത്തി ആക്രമിക്കുകയായിരുന്നു.
മറ്റു കുട്ടികൾ രക്ഷപ്പെട്ടെങ്കിലും നർമദയ്ക്ക് രൂക്ഷമായ ആക്രമണമേറ്റു. ശരീരത്തിൽ മുറിവുകൾ പറ്റി രക്തം ഒരുപാടൊഴുകിപ്പോയതോടെ മരണം സംഭവിച്ചു.ദിവസ വേതന തൊഴിലാളിയായ നന്ദ് കിഷോറിന്റെ മൂന്നുമക്കളിൽ ഏറ്റവും ഇളയ കുട്ടിയാണു നർമദ. നേരത്തെ പ്രദേശത്ത് കോഴികളെയും മറ്റു വളർത്തുമൃഗങ്ങളെയും കുരങ്ങൻമാർ ആക്രമിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ ആക്രമിച്ച സംഭവങ്ങൾ കുറവാണെന്നു നാട്ടുകാർ പറയുന്നു.
കുരങ്ങൻമാരെ എത്രയും പെട്ടെന്ന് കെണിവച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസിനു പരാതി നൽകി.വനംവകുപ്പിന്റെയും തദ്ദേശ ഭരണകൂടത്തിന്റെയും സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 11ന് യുപിയിലെ ബാഗ്പത്തിൽ വീടിന്റെ രണ്ടാം നിലയിലുള്ള മുറിയിൽ ഉറങ്ങിക്കിടന്ന കേശവ് കുമാറെന്ന രണ്ടു മാസം പ്രായമുള്ള ശിശുവിനെ പ്രദേശത്തുള്ള ചില കുരങ്ങുകൾ വാട്ടർ ടാങ്കിൽ എറിഞ്ഞുകൊന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. വെള്ളത്തിൽ വീണ ശിശു ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്തു.കഴിഞ്ഞ വർഷം ഡിസംബറിൽ, കുരങ്ങിൻ കുട്ടിയെ നായ്ക്കൾ കടിച്ചുകൊന്നതിൽ രോഷാകുലരായി കുരങ്ങുകൾ നായ്ക്കൾക്കെതിരെ മഹാരാഷ്ട്രയിൽ അഴിച്ചുവിട്ട കൂട്ടക്കൊലയുടെ വാർത്ത രാജ്യാന്തര പ്രശസ്തി നേടിയിരുന്നു.നായ്ക്കളെ മരത്തിന്റെയും ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലേക്കും വലിച്ചു കയറ്റി താഴേക്ക് എറിഞ്ഞുകൊന്നാണു കുരങ്ങുകൾ കൂട്ടക്കൊല നടത്തിയത്.