India
5-yr-old girl dies of heart attack in UP
India

മൊബൈലിൽ കാർട്ടൂൺ കണ്ടിരിക്കെ യു.പിയിൽ അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Web Desk
|
22 Jan 2024 4:19 AM GMT

അമ്മയുടെ സമീപം കിടന്ന് കാർട്ടൂൺ കാണുകയായിരുന്നു കുട്ടി. പൊടുന്നനെ ഫോൺ കൈയിൽ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു.

ലഖ്നൗ: മൊബൈൽ ഫോണിൽ കാർട്ടൂൺ കണ്ടുകൊണ്ടിരുന്ന അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ കോട്‌വാലിയിലെ ഹതായ്ഖേഡയിലാണ് ദാരുണ സംഭവം. കാമിനി എന്ന കുട്ടിയാണ് മരിച്ചത്.

അമ്മയുടെ സമീപം കിടന്ന് കാർട്ടൂൺ കാണുകയായിരുന്നു കുട്ടി. പൊടുന്നനെ ഫോൺ കൈയിൽ നിന്ന് വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

കുട്ടി ഹൃദയാഘാതത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനമെന്ന് ഹസൻപൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഇൻ-ചാർജ് ധ്രുവേന്ദ്ര കുമാർ പറഞ്ഞു.

'കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിട്ടുനൽകാൻ കുടുംബത്തോട് അഭ്യർഥിച്ചെങ്കിലും അവർ സമ്മതിച്ചില്ല. ഹൃദയാഘാതം തന്നെയാണോ മറ്റെന്തെങ്കിലും രോ​ഗമാണോ മരണകാരണമെന്ന് കൃത്യമായറിയാൻ അന്വേഷണം ആവശ്യമാണ്' എന്ന് അംറോഹ ചീഫ് മെഡിക്കൽ ഓഫീസർ സത്യപാൽ സിങ് പറഞ്ഞു.

പ്രദേശത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. അംറോഹ, ബിജ്നോർ ജില്ലകളിലായി പത്തിലേറെ കുട്ടികളും യുവതീ-യുവാക്കളും സമാനരീതിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

2023 ഡിസംബർ 31ന് അംറോഹയിലെ ഹസൻപൂർ ഏരിയയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 16കാരനായ പ്രിൻസ് കുമാർ ബോധരഹിതനയി വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ബിജ്‌നോർ സ്വദേശിനിയായ 12കാരി ഷിപ്ര 2023 ഡിസംബർ ഒമ്പതിന് ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. 'തണുത്ത കാലാവസ്ഥ കാരണം ഹൃദയാഘാതം സാധാരണമാണ്. ഓക്സിജന്റെ അളവും രക്തസമ്മർദവും കുറയുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു'- സീനിയർ ഫിസിഷ്യൻ രാഹുൽ ബിഷ്‌നോയ് പറഞ്ഞു.

Similar Posts