50 വർഷത്തെ അസം -മേഘാലയ അതിർത്തി തർക്കത്തിന് പരിഹാരം; മുഖ്യമന്ത്രിമാർ കരാറിൽ ഒപ്പിട്ടു
|ചില പ്രദേശങ്ങൾക്കായി മേഘാലയ ഉന്നയിച്ച അവകാശവാദം ഏറ്റുമുട്ടലിലേക്ക് വരെ നയിച്ചിരുന്നു
അസമിൽ നിന്ന് മേഘാലയ സംസ്ഥാനം രൂപം കൊണ്ടത് മുതൽ തുടങ്ങിയ 50 വർഷത്തെ അതിർത്തി തർക്കത്തിന് പരിഹാരമായി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഡൽഹിയിൽ വെച്ച് കരാർ ഒപ്പിട്ടാണ് പരിഹാരം കണ്ടത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ധാരണയിലെത്തിയത്. അതിർത്തി തർക്കത്തിന്റെ 70 ശതമാനവും പരിഹരിച്ചതായും 12 തർക്കപ്രദേശങ്ങളിലെ 884.9 കിലോ മീറ്റർ വരുന്ന ആറിടങ്ങളിലും ധാരണയായെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 36 ഗ്രാമങ്ങളിൽ ഇതിന്റെ ഫലമായി ഒത്തുതീർപ്പുണ്ടാകുമെന്നും അറിയിച്ചു. അഭിപ്രായവ്യത്യാസം കുറവുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്.
മികിർ മലനിരകളിലും കർബി ആംഗ്ലോംഗ് മേഖലയിലും ഉള്ള ചില പ്രദേശങ്ങൾക്കായി മേഘാലയ ഉന്നയിച്ച അവകാശവാദം ഏറ്റുമുട്ടലിലേക്ക് വരെ നയിച്ചിരുന്നു. കഴിഞ്ഞ വർഷവും ഇരു സംസ്ഥാനങ്ങളുടെയും സേനകൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എൻഡിഎ സർക്കാരുകൾ ഭരിക്കുന്ന ഇരു സംസ്ഥാനങ്ങൾക്ക് ഇടയിലെ പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് തർക്കം പരിഹരിക്കുന്നതിന് ഉള്ള കരാർ തയ്യാറാക്കിയത്. ഇതിലേക്ക് നിർദ്ദേശങ്ങൾ അടങ്ങിയ കരട് റിപ്പോർട്ട് സമർപ്പിക്കാൻ അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഡൽഹിയിലെ ആഭ്യന്തര മന്ത്രാലയത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും മേഘാലയ മുഖ്യമന്ത്രി സാംഗ്മയും വൈകീട്ടോടെയാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഉദ്യോഗസ്ഥ പ്രതിനിധികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
50-year-old Assam-Meghalaya border dispute resolved; The Chief Ministers signed the agreement