ഡാറ്റ എൻട്രി ജോലിതേടിപ്പോയ 5000 ഇന്ത്യക്കാർ കംബോഡിയയിൽ സൈബർ തട്ടിപ്പ് സംഘത്തിൽ അടിമപ്പണി ചെയ്യുന്നതായി റിപ്പോർട്ട്
|ഫേസ്ബുക്കിൽ പ്രൊഫൈലുകൾ തിരയുന്നതും തട്ടിപ്പിന് ഇരയാകാൻ സാധ്യതയുള്ളവരെ കണ്ടെത്തലുമാണ് ഞങ്ങളുടെ ജോലി
ന്യൂഡൽഹി: അയ്യായിരത്തോളം ഇന്ത്യക്കാർ കംബോഡിയയിൽ സൈബർ തട്ടിപ്പ് നടത്താൻ നിർബന്ധിതരായി കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട് . ഡാറ്റ എൻട്രി ജോലിക്കെന്ന പേരിൽ കൊണ്ടുപോയ ഇന്ത്യക്കാരാണ് സൈബർ തട്ടിപ്പ് റാക്കറ്റിന്റെ കെണിയിൽ പെട്ടത്. ഈ സംഘം ഇന്ത്യക്കാരെ ഉപയോഗിച്ച് ആറ് മാസത്തിനുള്ളിൽ 500 കോടി രൂപയുടെ തട്ടിപ്പ് ഇന്ത്യയിൽ നടത്തിയെന്ന് പൊലീസ് പറയുന്നു.
ഡാറ്റ എൻട്രി ജോലിയെന്ന പ്രതീക്ഷയിൽ കംമ്പോഡിയയിലെത്തിയവരെയാണ് സൈബർതട്ടിപ്പ് ജോലികൾ ചെയ്യിക്കുന്നത്. മംഗളൂരുവിലെ ഒരു ഏജന്റ് കംമ്പോഡിയയിൽ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയതിനെ തുടർന്നാണ് ഐ.ടി.ഐ ബിരുദമുള്ള ഞാൻ കംബോഡിയയിലേക്ക് പോയതെന്ന് രക്ഷപ്പെട്ട ഒരാൾ പറഞ്ഞു. ഞങ്ങൾ മൂന്ന് പേരെയാണ് അവർ കൊണ്ടുപോയത്. അവസാനമാണ് ടൂറിസ്റ്റ് വിസയിലാണ് പോകുന്നതെന്ന് ഏജന്റ് പറഞ്ഞത്. അതോടെ സംശയം ഉടലെടുത്തു. കംബോഡിയയിൽ ഒരു ഓഫീസിലെത്തിച്ച സംഘം ആദ്യം ഒരു അഭിമുഖം നടത്തി. ഞങ്ങൾ അത് ക്ലിയർ ചെയ്തു. ടൈപ്പിംഗ് വേഗതയും മറ്റും പരീക്ഷിച്ചു. പിന്നീടാണ് ഞങ്ങളുടെ ജോലി ഫേസ്ബുക്കിൽ പ്രൊഫൈലുകൾ തിരയുന്നതും തട്ടിപ്പിന് ഇരയാകാൻ സാധ്യതയുള്ളവരെ കണ്ടെത്തലാണെന്നും പറഞ്ഞത്. ചൈനയിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിന്റെ തലവൻമാർ. എന്നാൽ അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾക്ക് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത് ഒരു മലേഷ്യനായിരുന്നു.
‘സ്ത്രീകളുടെ ഫോട്ടോകൾ ഉപയോഗിച്ച് ഞങ്ങൾ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കണം. ഫോട്ടോകൾ എടുക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഞങ്ങളോട് അവർ പറഞ്ഞു. ടാർഗറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ പട്ടിണിക്കിടും. അല്ലെങ്കിൽ ടാർഗറ്റ് പൂർത്തിയാകുന്നതുവരെ ഓഫീസിൽ നിന്ന് പോകാൻ സമ്മതിക്കില്ല. ഒന്നരമാസത്തിന് ശേഷമാണ് കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. അവർ എംബസിയുമായും ചില രാഷ്ട്രിയക്കാരുമായി സംസാരിച്ചതിനെ തുടർന്നാണ് രക്ഷപ്പെടാനുള്ള വാതിലുകൾ തുറന്നത്.’
കംബോഡിയയിൽ കുടുങ്ങി മൂന്ന് പേരെ എംഇഎയുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതായി കർണാടക സർക്കാരിന്റെ നോൺ റസിഡന്റ് ഇന്ത്യൻ ഫോറം ഡെപ്യൂട്ടി ചെയർമാൻ ഡോ.ആരതി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി ജോലിക്കായാണ് അവർ പോയത്. എന്നാൽ അവിടെ എത്തിയതോടെ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരായി. 200 ഓളം പേർ കംബോഡിയയിൽ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ടവർ. കംബോഡിയയിൽ എത്തിക്കഴിഞ്ഞാൽ തട്ടിപ്പ് സംഘം ഇവരുടെ പാസ്പോർട്ട് കൈക്കലാക്കും. 12 മണിക്കൂറിലേറെയാണ് ജോലി സമയം. എതിർത്താൽ ശാരീരികമായി ആക്രമിക്കും. വൈദ്യുതാഘാതം ഏൽപ്പിക്കും. ചിലപ്പോൾ ഏകാന്തതടവിലാക്കി പീഡിപ്പിക്കും.
കഴിഞ്ഞ ഡിസംബർ 30 ന് ഒഡീഷയിലെ റൂർക്കേല പോലീസെടുത്ത കേസിലാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ആ കേസിൽ റിക്രൂട്ട്മെന്റ് സംഘത്തിലെ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറം ലോകം അറിഞ്ഞത്.
അതെ സമയം കംബോഡിയയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ ലക്ഷ്യമിട്ട് ഈ മാസമാദ്യം ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രത്യേക യോഗം ചേർന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ഏജന്റുമാരുടെ തട്ടിപ്പിൽ ഇരയായ ആളുകൾ കംമ്പോഡിയയുടെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി. പലരെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.