ജാതി വ്യവസ്ഥക്കെതിരെ എസ്.എസ്.ഡി; ഗുജറാത്തിൽ 50,000 ദലിത് ഹിന്ദുക്കൾ ബുദ്ധമതം സ്വീകരിക്കുന്നു
|ഒരു ലക്ഷം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് കരുതുന്നതായാണ് സംഘാടകരായ സ്വയം സൈനിക് ദൾ പറയുന്നത്
ഗാന്ധിനഗർ: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിൽ 50,000 ദലിത് ഹിന്ദുക്കൾ ബുദ്ധമതം സ്വീകരിക്കുന്നു. ഏപ്രിൽ 14ന് അംബോദ്കർ ജയന്തി ദിനത്തിലാണ് ഇവർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുക. ഒരു ലക്ഷം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് കരുതുന്നതായാണ് സംഘാടകരായ രാജ്കോട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയം സൈനിക് ദൾ(എസ്.എസ്.ഡി) പറയുന്നത്.
ഗാന്ധിനഗർ ഗാന്ധി ഗ്രൗണ്ടിലെ രാമകഥ മൈതാനിയിലാണ് ചടങ്ങ് നടക്കുക. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് ചടങ്ങിനെത്തുക. ദുംഗർപൂരിലെ ഗോത്രകുടുംബങ്ങൾ ദീക്ഷ പരിപാടിക്കെത്തുമെന്നാണ് വിവരം. പോർബന്തറിലെ ഗ്രേറ്റ് അശോക ബുദ്ധവിഹാറിലെ ബൗദ്ധ് ഭിക്ഷു പ്രഗ്യാ രത്നയാണ് ചടങ്ങിന് നേതൃത്വം വഹിക്കുകയും ദീക്ഷ നൽകുകയും ചെയ്യുക. 2006ൽ രാജ്കോട്ടിൽ വെച്ച് 50 ദലിത് സാമൂഹിക സേവകർ രൂപകരിച്ച സംഘടനയാണ് എസ്.എസ്.ഡി. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയടക്കമുള്ള സാമൂഹിക ദുരാചാരങ്ങൾ ഇല്ലാതാക്കാനുമാണ് പ്രവർത്തിക്കുന്നത്.
2028ഓടെ ഒരു കോടി ദലിത് സമുദായാംഗങ്ങൾ ബുദ്ധമതം സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. നിലവിൽ 15,000 പേർ തങ്ങളുടെ ജില്ലകളിലെ കലക്ടറേറ്റിൽ മതപരിവർത്തന അപേക്ഷ നൽകിയതായി എസ്.എസ്.ഡി അറിയിച്ചു. ഇവർ സ്വമനസ്സാലെയാണ് മതം മാറുന്നതെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണെന്നും പറഞ്ഞു. മതപരിവർത്തന വിവരം സംസ്ഥാന ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുമെന്നും സംഘടന വ്യക്തമാക്കി.
50,000 Dalit Hindus convert to Buddhism in Gujarat