India
ബീഫ് ഉണ്ടെന്ന് ആരോപിച്ച് യു.പിയിൽ മുസ്‌ലിം കുടുംബത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്, അതിക്രമം; 55കാരി മരിച്ചു
India

ബീഫ് ഉണ്ടെന്ന് ആരോപിച്ച് യു.പിയിൽ മുസ്‌ലിം കുടുംബത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്, അതിക്രമം; 55കാരി മരിച്ചു

Web Desk
|
28 Aug 2024 11:12 AM GMT

പുരുഷ പൊലീസുകാർക്കൊപ്പം ഒരൊറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഉണ്ടായിരുന്നില്ലെന്ന് മരിച്ച സ്ത്രീയുടെ ബന്ധു പറഞ്ഞു.

ലഖ്നൗ: ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് മുസ്‌ലിം കുടുംബത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ യു.പി പൊലീസിന്റെ അതിക്രമത്തിനിരയായി സ്ത്രീ മരിച്ചെന്ന് പരാതി. ബിജ്നോർ ജില്ലയിലെ ഖതായ് ​ഗ്രാമത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. 55കാരിയായ റസിയ ആണ് മരിച്ചത്.

വീട്ടിൽ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺകോളിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ് പോലുമില്ലാതെ പൊലീസിന്റെ അനധികൃത പരിശോധനയെന്ന് മകൾ ഫർഹാന പറഞ്ഞു.

'റെയ്ഡിനെ ചോദ്യം ചെയ്തപ്പോൾ പൊലീസുകാർ ഉമ്മയോട് തട്ടിക്കയറുകയും മോശമായി പെരുമാറുകയും ചെയ്തു. കോൺസ്റ്റബിൾമാരിൽ ഒരാൾ ഉമ്മയെ നെഞ്ചിൽ പിടിച്ചുതള്ളിയതിനെ തുടർന്ന് അവർ നിലത്തുവീണു. പാനിക് അറ്റാക്ക് ഉണ്ടായിട്ടുള്ളയാളായിരുന്നു ഉമ്മ. നിലത്തുവീണ ഉമ്മയെ ഞങ്ങൾ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു'- ഫർഹാന വിശദമാക്കി.

'സ്ത്രീകൾ മാത്രം ഉള്ളപ്പോൾ ഒരു വീട്ടിൽ ഇങ്ങനെയല്ല പൊലീസുകാർ കയറേണ്ടത്. പുരുഷ പൊലീസുകാർക്കൊപ്പം ഒരൊറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഉണ്ടായിരുന്നില്ല. പ്രോട്ടോക്കോളുകൾ ഒന്നും പൊലീസ് ഇവിടെ പാലിച്ചില്ല. ഞങ്ങൾ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പരാതി നൽകും'- റസിയയുടെ മറ്റൊരു ബന്ധു പറഞ്ഞു.

അതേസമയം, പൊലീസ് ആരോപിച്ചതുപോലെ റെയ്ഡിൽ വീട്ടിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. മുന്നറിയിപ്പോ വാറന്റോ ഇല്ലാതെ വീട്ടിൽ അതിക്രമിച്ചുകയറി റെയ്ഡ് നടത്തുകയും ഒരു സ്ത്രീയുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തി.

മരിച്ച സ്ത്രീ ശ്വാസതടസത്തെ തുടർന്ന് ഡെറാഡൂണിലെ ആശുപത്രിയിൽ നേരത്തെ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആ വീട്ടിൽ ബീഫുണ്ടെന്ന് പൊലീസിന് വിവരം നൽകിയ ആളെ തിരിച്ചറിയാൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.


Similar Posts