'56 ഇഞ്ച് മോദി ജി' താലി; ജന്മദിന ആഘോഷമാക്കാന്‍ റെസ്റ്റോറന്റ്
|56 വിഭവങ്ങൾ അടങ്ങിയ താലി 40 മിനിറ്റ് കൊണ്ട് പൂർത്തിയാക്കുന്നവർക്ക് 8.5 ലക്ഷം രൂപയും റെസ്റ്റോറന്റ് ഉടമ പ്രഖ്യാപിച്ചിട്ടുണ്ട്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനം ആഘോഷിക്കാൻ വേറിട്ട വഴി തിരഞ്ഞെടുത്ത് റെസ്‌റ്റോറന്റ്. '56 ഇഞ്ച് മോദി ജി' താലി വിളമ്പിയാണ് ഡൽഹിയിൽ ഒരു റെസ്റ്റോറന്റ് ഉടമ മോദിക്ക് ആദരമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡൽഹി കൊണോട്ട് പ്ലേസിലെ ആർഡോർ 2.1 റെസ്‌റ്റോറന്റ് ആണ് 56 ഇനം വിഭവങ്ങളൊരുക്കി ആഘോഷമൊരുക്കുന്നത്. താലിയിൽ വെജ്, നോൺ വെജ് വിഭവങ്ങളെല്ലാം ഉണ്ടാകും. പത്തു ദിവസം വിഭവം വിളമ്പുമെന്നാണ് റെസ്റ്റോറന്റ് അറിയിച്ചിരിക്കുന്നത്. ഇരുപതിനം സബ്ജികൾ, വിവിധ തരത്തിലുള്ള ബ്രെഡ്, ദാൽ, ഗുലാബ്, ജാമുൻ, കുൽഫി അടക്കമുള്ള വിഭവങ്ങളെല്ലാം താലിയിലുണ്ടാകും. 3,000 രൂപയാണ് ഒരു താലിയുടെ വില. 40 മിനിറ്റ് കൊണ്ട് താലി പൂർത്തിയാക്കുന്നവർക്ക് 8.5 ലക്ഷം രൂപയും റെസ്റ്റോറന്റ് ഉടമ സുമിത് കൾറ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ ആദരിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചതെന്ന് സുമിത് പറഞ്ഞു. പലതരത്തിലുള്ള സമ്മാനങ്ങളെക്കുറിച്ച് ആലോചിച്ചിരുന്നു. അദ്ദേഹത്തിന് ഏറ്റവും പ്രിയം എന്താകുമെന്നാണ് ആലോചിച്ചത്. ഒടുവിലാണ് ഇങ്ങനെയൊരു ഗ്രാൻഡ് താലി ആസൂത്രണം ചെയ്തത്. അതിന് 56 ഇഞ്ച് മോദി ജി താലി എന്നു പേരിടുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയെ താലി കഴിക്കാൻ ക്ഷണിക്കാനാകില്ലെന്നും ക്ഷണിച്ചാൽ തന്നെ സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തിന് വരാനാകില്ലെന്നും സുമിത് പറഞ്ഞു. അതിനാലാണ് മോദിയുടെ ആരാധകർക്കായി ഇങ്ങനെയൊരു വിഭവമൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 17നും 26നും ഇടയിൽ റെസ്റ്റോറന്റ് സന്ദർശിക്കുന്നവർക്ക് സൗജന്യ കേദാർനാഥ് യാത്രയ്ക്കുള്ള അവസരവും ഒരുക്കും. മോദിജി താലി വാങ്ങുന്ന ദമ്പതികൾക്കാണ് ഈ അവസരം.
ജന്മദിനത്തിന്റെ ഭാഗമായി നമീബിയയിൽനിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഇന്ന് നരേന്ദ്ര മോദി തുറന്നുവിട്ടിരുന്നു. രാജ്യവ്യാപകമായി ബി.ജെ.പിയും വേറിട്ട ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ചെന്നൈയിലെ ഒരു ആശുപത്രിയിൽ ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സ്വർണമോതിരം നൽകുമെന്നാണ് തമിഴ്‌നാട് സംസ്ഥാന ഘടകം പ്രഖ്യാപിച്ചിരിക്കുന്നത്. 72 കിലോയുടെ കേക്ക് മുറിക്കുമെന്ന് ബി.ജെ.പി മുൻ രാജ്യസഭാ അംഗം വിജയ് ഗോയൽ പറഞ്ഞു. ഗുജറാത്തിൽ 72,000 വിളക്കുകൾ കത്തിച്ചും 72 മരം നട്ടുപിടിപ്പിച്ചും 72 ബോട്ടിൽ രക്തം ദാനം ചെയ്യുമെല്ലാം ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.
Summary: Delhi-based restaurant to launch '56-inch Modi Ji' Thali on PM's birthday