പ്രണയത്തിലാണെന്ന് ആരോപിച്ച് നിര്‍ബന്ധിച്ച് ശൈശവ വിവാഹം; തമിഴ്നാട്ടില്‍ 6 പേര് അറസ്റ്റില്‍
|ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരും ഒരുമിച്ച് സംസാരിക്കുന്നത് ചിലര്‍ കണ്ടതാണ് വിവാഹത്തിലേക്ക് നയിച്ചത്
കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ തിരുവോണം ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരും ഒരുമിച്ച് സംസാരിക്കുന്നത് ചിലര്‍ കണ്ടതാണ് വിവാഹത്തിലേക്ക് നയിച്ചത്.
17ഉം 16ഉം വയസുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരേ സ്കൂളില്‍ ഒരു ക്ലാസിലാണ് പഠിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇവര്‍. തിങ്കളാഴ്ച രാത്രി സുഹൃത്തിനൊപ്പം ആൺകുട്ടി പെൺകുട്ടിയുടെ വീട്ടിലേക്ക് പോയിരുന്നു. പുലർച്ചെ 12.30 ഓടെ അവർ ഒരുമിച്ച് സംസാരിക്കുന്നത് കണ്ട ഗ്രാമവാസികള്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ ഇരുവരുടെയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു. ഗ്രാമവാസികളുടെ സമ്മർദത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഒരു ക്ഷേത്രത്തിൽ വെച്ച് മാതാപിതാക്കൾ ഇവരുടെ വിവാഹം നടത്തുകയും ചെയ്തു.
സംഭവം പുറത്തറിഞ്ഞതോടെ തിരുവോണം പഞ്ചായത്ത് യൂണിയൻ വെൽഫെയർ ഓഫീസർ കമലാദേവി പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്തവരെ നിർബന്ധിച്ച് വിവാഹം കഴിച്ചതിന് ആറുപേരെ അറസ്റ്റ് ചെയ്തു. രാജ (51), അയ്യാവു (55), രാമൻ (62), ഗോപു (38), നാടിമുത്തു (40), കണ്ണിയൻ (50) എന്നിവരാണ് അറസ്റ്റിലായത്.ആൺകുട്ടിയെ തഞ്ചാവൂരിലെ ജുവനൈൽ ഹോമിലേക്കും പെൺകുട്ടിയെ സർക്കാർ ഹോമിലേക്കും അയച്ചു. ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.