ജമ്മുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് മരണം
|ആകെ 39 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അമർനാഥ് യാത്രാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം.
ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് അതിർത്തി പോലീസ് ഉദ്യോഗസ്ഥർ മരിച്ചു. അനന്ത്‌നാഗ് ജില്ലയിലെ ചന്ദൻവാരിയിലാണ് അപകടമുണ്ടായത്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൽ (ഐടിബിപി) നിന്നുള്ള 37 പേരും രണ്ട് ജമ്മു കശ്മീർ പോലീസും ഉൾപ്പടെ ആകെ 39 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അമർനാഥ് യാത്രാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം.
അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ ശ്രീനഗറിലെ ആർമി ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കശ്മീർ സോൺ പോലീസ് ട്വിറ്ററിൽ കുറിച്ചു.
രക്ഷാപ്രവർത്തനത്തിനായി 19 ആംബുലൻസുകളാണ് സ്ഥലത്തെത്തിയത്. അനന്ത്‌നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സീയറിലെ സബ് ഡിവിഷണൽ ആശുപത്രി എന്നിവിടങ്ങളിലെ മെഡിക്കൽ ടീമുകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കശ്മീർ സോൺ പോലീസ് അറിയിച്ചു. മരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ പഹൽഗാം സിവിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റവർക്ക് ശ്രീനഗറിലെ ആർമി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജിഎംസി അനന്ത്നാഗിലേക്ക് മാറ്റി.