സിക്കിമിൽ മേഘവിസ്ഫോടനം: ആറ് മരണം, 1200 ലേറെ വിനോദ സഞ്ചാരികൾ കുടുങ്ങി
|തകർന്ന റോഡ് അടക്കമുള്ളവ ശരിയാക്കി ഗതാഗതസംവിധാനം സുഗമമാക്കാൻ ഒരാഴ്ച പിടിക്കുമെന്നാണ് വിലയിരുത്തൽ
ഗുവാഹത്തി: സിക്കിമിലെ മാംഗൻ ജില്ലയിൽ മേഘവിസ്ഫോടനത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. 1200 ലധികം വിനോദ സഞ്ചാരികൾ ലാച്ചൂങ് ഗ്രാമത്തിൽ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട്. കുടുങ്ങികിടക്കുന്നവരിലേറെയും ആഭ്യന്തര വിനോദ സഞ്ചാരികളാണ്.
ബുധനാഴ്ച രാത്രി 220.1 മില്ലീമീറ്ററിലധികം മഴയാണ് പ്രദേശത്ത് പെയ്തത്. മംഗൻ പട്ടണത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ലാചുങ് ഗ്രാമത്തിൽ കുടുങ്ങികിടക്കുന്ന വിനോദ സഞ്ചാരികളെ ഹെലികോപ്റ്റർ വഴി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു. തകർന്ന റോഡ് അടക്കമുള്ളവ ശരിയാക്കി ഗതാഗതസംവിധാനം സുഗമമാക്കാൻ ഒരാഴ്ച പിടിക്കുമെന്നാണ് വിലയിരുത്തൽ.
‘മംഗൻ ജില്ലയിലെ ഉരുൾപൊട്ടലിൽ, പക്ഷെപ്, അംഭിതാങ്ങ് എന്നിവിടങ്ങളിലാണ് ആറ് പേർ മരിച്ചത്.മണ്ണിടിച്ചിൽ തുടരുന്നതിനാൽ കാരണം ആറിലേറെ ഇടങ്ങളിൽ റോഡുകൾ പൂർണമായും തകർന്നു.റോഡുകൾ പുനഃസ്ഥാപിക്കാൻ അഞ്ച് മുതൽ ഏഴ് ദിവസം വരെ എടുക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
വിനോദ സഞ്ചാരികളെ പുറത്തെത്തിക്കാൻ ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും സംസ്ഥാന പി.ഡബ്ല്യു.ഡിയും വ്യോമസേനയുടെ ഹെലികോപ്റ്ററുകളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.