ബിഹാറിൽ പടക്ക വ്യവസായിയുടെ വീട്ടിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് ആറുപേർ മരിച്ചു
|എട്ടുപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ എട്ടുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ന്യൂഡൽഹി: ബിഹാറിൽ പടക്ക വ്യവസായിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് ആറുപേർ മരിച്ചു. സരൻ ജില്ലയിലെ ഖുദായ് ബാഗ് ഗ്രാമത്തിൽ ഖൈറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഷാബിർ ഹുസൈൻ എന്നയാളുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. വീടിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചപ്പോൾ ബാക്കി ഭാഗത്തിന് തീപിടിച്ചു. പുഴയുടെ തീരത്താണ് വീട് സ്ഥിതിചെയ്യുന്നതെന്നും വീടിന്റെ ഭൂരിഭാഗവും ഇടിഞ്ഞുവീണെന്നും പൊലീസ് പറഞ്ഞു.
എട്ടുപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ എട്ടുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ഫോറൻസിക് വകുപ്പ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാർ പറഞ്ഞു.
വീടിനുള്ളിൽവെച്ചാണ് പടക്കം നിർമിച്ചിരുന്നതെന്നും ഒരുമണിക്കൂറോളം തുടർച്ചയായി സ്‌ഫോടന ശബ്ദം കേട്ടതായും പൊലീസ് പറഞ്ഞു.