200 കോടി വിലവരുന്ന ലഹരിമരുന്നുമായി പാക് ബോട്ട് ഗുജറാത്തിൽ പിടിയിൽ
|40 കിലോയോളം വരുന്ന ലഹരിമരുന്ന് റോഡ് മാർഗം പഞ്ചാബിലെത്തിക്കാനായിരുന്നു പദ്ധതി
അഹമ്മദാബാദ്: 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിനുമായി പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടിയിൽ.ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെയും (എടിഎസ്) സംയുക്ത സംഘം ബുധനാഴ്ചയാണ് ഗുജറാത്ത് തീരത്ത് വെച്ച് പിടികൂടിയത്. കച്ച് ജില്ലയിലെ ജഖാവു തീരത്ത് നിന്ന് 33 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ലഹരിഅടങ്ങിയ ബോട്ട് പിടികൂടിയത് എന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.
അൽ തയ്യാസ എന്ന ബോട്ടിൽ ആറ് പാക്കിസ്ഥാൻ സ്വദേശികളുണ്ടായിരുന്നെന്നും ഇവരെ അറസ്റ്റ് ചെയ്തെന്നുംമുതിർന്ന എടിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ലഹരി മരുന്ന് ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം റോഡ് മാർഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കോടികൾ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയത്. കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.