India
6 zeros in 20 crore! Says Up BJP MP’s wrong answer goes viral
India

20 കോടിയിൽ എത്ര പൂജ്യം?; ആറെന്ന് യു.പി ബിജെപി എം.പി

Web Desk
|
12 Sep 2023 12:37 PM GMT

ഇറ്റാവയിൽ സംഘടിപ്പിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു എം.പിയുടെ തെറ്റുത്തരം.

ലഖ്നൗ: 20 കോടിയിൽ എത്ര പൂജ്യമുണ്ടെന്ന മന്ത്രിയുടെ ചോദ്യത്തിന് ആറെന്ന് ബിജെപി എം.പിയുടെ മറുപടി. ഉത്തർപ്രദേശിലെ ഇറ്റാവയിൽ സംഘടിപ്പിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു എം.പിയുടെ തെറ്റുത്തരം. ഇറ്റാവ എം.പി പ്രൊഫ. രാംശങ്കർ കതേരിയയാണ് തെറ്റായ ഉത്തരം നൽകിയത്. കഴിഞ്ഞദിവസം ഇറ്റാവ ക്ലബ്ബ് പരിസരത്ത് നടന്ന 30 പദ്ധതികളുടെ ഉദ്ഘാടന- തറക്കല്ലിടൽ ചടങ്ങിലായിരുന്നു സംഭവം.

സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജിതിൻ പ്രസാദായിരുന്നു പദ്ധതികളുടെ ഉദ്ഘാടകൻ. വേദിയിൽ പ്രസംഗിക്കവെ, മന്ത്രി ഇറ്റാവ ജില്ലയിൽ നടക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും നിർമാണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെലവ് കണക്കുകൾ പറയുകയും ചെയ്തു. 20 കോടി ചെലവിൽ ഇറ്റാവ- സിന്ധൗസ് റോഡ് നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് ജിതിൻ പ്രസാദ്, ഇറ്റാവ ലോക്‌സഭാ എം.പി രാംശങ്കർ കതേരിയയെ ചൂണ്ടി, 20 കോടിയിലെ പൂജ്യങ്ങളുടെ എണ്ണം പറഞ്ഞാൽ, 200 കോടി രൂപയുടെ റോഡുകൾക്ക് പ്ലാൻ നൽകുമെന്ന് പറ‍ഞ്ഞു. ഇതിനോടായിരുന്നു, വേദിയിൽ നിന്ന എം.പി കൈ ഉയർത്തി ഉച്ചത്തിൽ ആറ് എന്ന് മറുപടി പറഞ്ഞത്. രണ്ട് തവണ ഈ തെറ്റുത്തരം അദ്ദേഹം ആവർത്തിച്ചു. 20 കോടിയിൽ എട്ട് പൂജ്യങ്ങളാണ് ഉള്ളത് എന്നിരിക്കെയാണ് ആറ് എന്ന് ബിജെപി എം.പി മറുപടി പറഞ്ഞത്.

ഇക്കാര്യം, സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾക്കിടയിൽ തന്നെ ചർച്ചയാവുകയും പിന്നീട് പ്രതിപക്ഷ ശ്രദ്ധയിൽ പതിയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ബിജെപിക്കും എം.പിക്കുമെതിരെ പ്രതിപക്ഷം രം​ഗത്തെത്തി. ഇറ്റാവ എം.പിയുടെ ഗണിതശാസ്ത്രവും ആശയക്കുഴപ്പത്തിലാണെന്ന് സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ശിവ്‌പാൽ സിങ് യാദവ് തന്റെ എക്സിൽ പരിഹസിച്ചു. ഗണിതവും രസതന്ത്രവും സാമ്പത്തിക ശാസ്ത്രവും ചരിത്രവും മാത്രമല്ല, വർത്തമാനവും വലിയ കുഴപ്പത്തിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Similar Posts