India
കർഷകരുടെ പാർലമെന്‍റ് മാർച്ച്; 60 ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് രാകേഷ് ടികായത്
India

കർഷകരുടെ പാർലമെന്‍റ് മാർച്ച്; 60 ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് രാകേഷ് ടികായത്

Web Desk
|
24 Nov 2021 4:58 AM GMT

'റോഡ് മാർഗം പാർലമെൻറിലേക്ക് കർഷകരുടെ ടാക്ടറുകൾ മാർച്ച് നടത്തും, വാഹന ഗതാഗതം തടസപ്പെടുത്തില്ല'

പാ​ർ​ല​മെന്‍റിന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന നവംബര്‍ 29ന് '​സ​ൻ​സ​ദ്​ ച​ലോ' മാ​ർ​ച്ചിൽ 60 ടാക്ടറുകൾ പങ്കെടുക്കുമെന്ന് ഭാരതീയ കി​സാ​ൻ യൂണിയൻ. റോഡ് മാർഗം പാർലമെന്‍റിലേക്ക് കർഷകരുടെ ടാക്ടറുകൾ മാർച്ച് നടത്തുമെന്നും വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്നും ഭാരതീയ കി​സാ​ൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.

കർഷകർ നേരിട്ട് പാർലമെന്‍റിലേക്ക് പോകും. കേന്ദ്ര സർക്കാറുമായുള്ള സംഭാഷണമാണ് മാർച്ച് കൊണ്ട് ലക്ഷ്യമിടുന്നത്. ചു​രു​ങ്ങി​യ താ​ങ്ങു​വി​ല​ സംബന്ധിച്ച കേന്ദ്ര സർക്കാറിന്‍റെ പ്രതികരണത്തിനായി കർഷകർ കാത്തിരിക്കുകയാണെന്നും ടികായത് വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ 750 കർഷകർ മരിച്ചെന്നും അതിന്‍റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും ടികായത്ത് എ.എന്‍.ഐയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടി.

വി​വാ​ദ കാർഷിക നി​യ​മ​ങ്ങ​ൾ പാ​ർ​ല​മെന്‍റ് പി​ൻ​വ​ലി​ക്കും വരെ സമരത്തിൽ നിന്ന് പി​റ​കോ​ട്ടു​പോ​കേ​ണ്ടെ​ന്നാണ്​ സം​യു​ക്ത കി​സാ​ൻ മോര്‍ച്ചയുടെ തീരുമാനം. കേന്ദ്ര സർക്കാറിന് മുന്നിൽ ആ​റ്​ ആ​വ​ശ്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കുകയും ചെയ്തിരുന്നു.

ചു​രു​ങ്ങി​യ താ​ങ്ങു​വി​ല​ക്ക്​ നി​യ​മ​പ​ര​മാ​യ ഗാ​ര​ന്‍റി നല്‍കണം, വൈ​ദ്യു​തി നി​യ​മ​ത്തിന്‍റെ ക​ര​ട്​ പി​ൻ​വ​ലി​ക്കണം, വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​ർ​ക്ക്​ പി​ഴ ചു​മ​ത്താ​നു​ള്ള 2021ലെ ​നി​യ​മ​ത്തി​ലെ വ​കു​പ്പ്​ പി​ൻ​വ​ലി​ക്കണം, 2020 ജൂ​ൺ മു​ത​ൽ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണം, ല​ഖിം​പു​ർ കൂ​ട്ട​ക്കൊ​ല​യു​ടെ സൂ​ത്ര​ധാ​ര​ൻ അ​ജ​യ്​ കു​മാ​ർ മി​ശ്രയെ മ​​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി അ​റ​സ്​​റ്റ്​ ചെ​യ്യണം, ക​ർ​ഷ​ക സ​മ​ര​ത്തി​ൽ ജീ​വ​ൻ ത്യ​ജി​ച്ച 700 ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങള്‍ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കുകയും ര​ക്ത​സാ​ക്ഷി സ്​​മാ​ര​ക​ത്തി​ന് സ്ഥലം അനുവദിക്കുകയും വേണം, എന്നിവയാണ് കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.

അതേസമയം, വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകും. ബിൽ നവംബർ 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബിൽ കൊണ്ടുവരുമെന്നാണ് സൂചന. കർഷക പ്രതിഷേധം തുടരുന്നതിനാൽ താങ്ങുവില സംബന്ധിച്ച് മാർഗനിർദേശങ്ങൾ കൊണ്ടുവരാനാണ് കൃഷി മന്ത്രാലയം ആലോചിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശമായോ താങ്ങുവിലയിൽ തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം.

60 tractors will head to Parliament on November 29, says Rakesh Tikait

Similar Posts