കർഷകരുടെ പാർലമെന്റ് മാർച്ച്; 60 ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് രാകേഷ് ടികായത്
|'റോഡ് മാർഗം പാർലമെൻറിലേക്ക് കർഷകരുടെ ടാക്ടറുകൾ മാർച്ച് നടത്തും, വാഹന ഗതാഗതം തടസപ്പെടുത്തില്ല'
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്ന നവംബര്‍ 29ന് 'സൻസദ് ചലോ' മാർച്ചിൽ 60 ടാക്ടറുകൾ പങ്കെടുക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ. റോഡ് മാർഗം പാർലമെന്റിലേക്ക് കർഷകരുടെ ടാക്ടറുകൾ മാർച്ച് നടത്തുമെന്നും വാഹന ഗതാഗതം തടസപ്പെടുത്തില്ലെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് പറഞ്ഞു.
കർഷകർ നേരിട്ട് പാർലമെന്റിലേക്ക് പോകും. കേന്ദ്ര സർക്കാറുമായുള്ള സംഭാഷണമാണ് മാർച്ച് കൊണ്ട് ലക്ഷ്യമിടുന്നത്. ചുരുങ്ങിയ താങ്ങുവില സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ പ്രതികരണത്തിനായി കർഷകർ കാത്തിരിക്കുകയാണെന്നും ടികായത് വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിനിടെ 750 കർഷകർ മരിച്ചെന്നും അതിന്റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും ടികായത്ത് എ.എന്‍.ഐയ്ക്ക് നല്കിയ പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടി.
വിവാദ കാർഷിക നിയമങ്ങൾ പാർലമെന്റ് പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിറകോട്ടുപോകേണ്ടെന്നാണ് സംയുക്ത കിസാൻ മോര്‍ച്ചയുടെ തീരുമാനം. കേന്ദ്ര സർക്കാറിന് മുന്നിൽ ആറ് ആവശ്യങ്ങൾ കർഷകർ ഉന്നയിക്കുകയും ചെയ്തിരുന്നു.
ചുരുങ്ങിയ താങ്ങുവിലക്ക് നിയമപരമായ ഗാരന്റി നല്‍കണം, വൈദ്യുതി നിയമത്തിന്റെ കരട് പിൻവലിക്കണം, വായുമലിനീകരണത്തിന്റെ പേരിൽ കർഷകർക്ക് പിഴ ചുമത്താനുള്ള 2021ലെ നിയമത്തിലെ വകുപ്പ് പിൻവലിക്കണം, 2020 ജൂൺ മുതൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം, ലഖിംപുർ കൂട്ടക്കൊലയുടെ സൂത്രധാരൻ അജയ് കുമാർ മിശ്രയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണം, കർഷക സമരത്തിൽ ജീവൻ ത്യജിച്ച 700 കർഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിപ്പിക്കുകയും രക്തസാക്ഷി സ്മാരകത്തിന് സ്ഥലം അനുവദിക്കുകയും വേണം, എന്നിവയാണ് കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍.
അതേസമയം, വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകും. ബിൽ നവംബർ 29 ന് പാർലമെന്റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബിൽ കൊണ്ടുവരുമെന്നാണ് സൂചന. കർഷക പ്രതിഷേധം തുടരുന്നതിനാൽ താങ്ങുവില സംബന്ധിച്ച് മാർഗനിർദേശങ്ങൾ കൊണ്ടുവരാനാണ് കൃഷി മന്ത്രാലയം ആലോചിക്കുന്നത്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദേശമായോ താങ്ങുവിലയിൽ തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം.
60 tractors will head to Parliament on November 29, says Rakesh Tikait