അഞ്ച് വർഷത്തിനിടെ വിദേശ രാജ്യങ്ങളിൽ മരിച്ചത് 633 ഇന്ത്യൻ വിദ്യാർഥികൾ; കൂടുതൽ കാനഡയിൽ
|19 ഇന്ത്യൻ വിദ്യാർഥികൾ വിവിധ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു.
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ രാജ്യങ്ങളിൽ വിവിധ കാരണങ്ങളാൽ മരിച്ചത് 633 ഇന്ത്യൻ വിദ്യാർഥികൾ. ഇതിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായത് കാനഡയിലെന്ന് കണക്കുകൾ. 172 വിദ്യാർഥികളാണ് ഇക്കാലയളവിൽ കാനഡയിൽ മരിച്ചത്. ലോക്സഭയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
19 ഇന്ത്യൻ വിദ്യാർഥികൾ വിവിധ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു. കാനഡയിൽ തന്നെയാണ് അതും കൂടുതൽ- ഒമ്പത് മരണങ്ങൾ. യു.എസിൽ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
633 പേരിൽ യു.എസിൽ 108 പേർ, യു.കെയിൽ 58 പേരും ആസ്ത്രേലിയയിലും റഷ്യയിലും 37 പേർ വീതവുമാണ് മരിച്ചത്. ഉക്രൈയ്നിൽ 18 പേരും ജർമനിയിൽ 24ഉം ജോർജിയ, കിർഗിസ്ഥാൻ, സൈപ്രസ് എന്നിവിടങ്ങളിൽ 12 വീതവും ചൈനയിൽ എട്ട് പേരും മരിച്ചിട്ടുണ്ട്.
'പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങൾ മൂലം കഴിഞ്ഞ വർഷം വിദേശ രാജ്യങ്ങളിൽ 633 ഇന്ത്യൻ വിദ്യാർഥികളാണ് മരിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൽ ലഭ്യമായ കണക്ക്'- മന്ത്രി വ്യക്തമാക്കി. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് സുരക്ഷ നൽകുന്നത് ഇന്ത്യൻ സർക്കാരിൻ്റെ ഏറ്റവും വലിയ മുൻഗണനകളിലൊന്നാണ്. വിദേശത്തുള്ള ഇന്ത്യൻ പ്രതിനിധികൾ വിദേശ സർവകലാശാലകളിൽ ചേരുന്ന ഇന്ത്യൻ വിദ്യാർഥികളുമായി പതിവായി സമ്പർക്കം പുലർത്തിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൊത്തം 48 ഇന്ത്യൻ വിദ്യാർഥികളെ യു.എസിൽ നിന്ന് നാടുകടത്തിയതായും കീർത്തി വർധൻ സിങ് പറഞ്ഞു. ഇതിന്റെ കാരണങ്ങൾ യു.എസ് അധികൃതർ ഔദ്യോഗികമായി പങ്കുവച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
'അനധികൃത ജോലി, ക്ലാസുകളിൽനിന്ന് അനധികൃതമായി പിൻവലിയൽ, ക്ലാസുകളിൽനിന്ന് സസ്പെൻഷനും പുറത്താക്കലും, ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് തൊഴിൽ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയം എന്നിവ വിദ്യാർഥികളുടെ നിയമവിരുദ്ധ സാന്നിധ്യത്തിനും ഒടുവിൽ നാടുകടത്തലിനും ഇടയാക്കിയേക്കാവുന്ന കാരണങ്ങളിൽ ചിലതാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.