മഹാരാഷ്ട്രയിൽ തീപിടിത്തത്തിൽ 2 കുട്ടികളടക്കം ഏഴ് പേർ മരിച്ചു
|കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ചത്
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളും മരിച്ചതായി അധികൃതർ അറിയിച്ചു.
പുലർച്ചെ നാല് മണിയോടെയാണ് തയ്യൽക്കടയിൽ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചെങ്കിലും ഏഴ് പേരും മരിച്ചിരുന്നു. കെട്ടിടത്തിന്റെ താഴെ നിലയിലുള്ള തയ്യൽക്കടയിലാണ് തീ പിടിത്തമുണ്ടായതെന്ന് സംഭാജി നഗർ പോലീസ് കമ്മീഷണർ മനോജ് ലോഹ്യ പറഞ്ഞു.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്നവരാണ് മരിച്ചത്. താമസ സ്ഥലത്തേക്ക് തീ പടർന്നില്ലെങ്കിലും തയ്യൽക്കടയിലുണ്ടായ തീയുടെ പുക ശ്വസിച്ചതാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താനായി മാറ്റി.
‘പുലർച്ചെ 4 മണിയോടെയാണ് കടയ്ക്ക് തീപിടിച്ചത്.4.15 നാണ് പോലീസ് സംഭവം അറിഞ്ഞത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ കെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് ഏഴ് പേരും മരിച്ചതെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് കമ്മീഷണർ മനോജ് ലോഹ്യ മാധ്യമങ്ങളോട് പറഞ്ഞു.