ഏഴ് കുട്ടികള്‍ മുങ്ങിമരിച്ചു, അപകടം കര്‍മ പൂജ ആഘോഷത്തിനിടെ
|കര്‍മ പൂജ ആഘോഷത്തിനായി കുളത്തിലിറങ്ങിയ പെണ്‍കുട്ടികള്‍ ആണ് മുങ്ങിമരിച്ചത്.
ജാര്‍ഖണ്ഡിലെ ലത്ഹർ ജില്ലയില്‍ ഏഴ് കുട്ടികള്‍ മുങ്ങി മരിച്ചു. കര്‍മ പൂജ ആഘോഷത്തിനിടെ കുളത്തിലിറങ്ങിയ പെണ്‍കുട്ടികള്‍ ആണ് മുങ്ങിമരിച്ചത്. രേഖാ കുമാരി (18), റീന കുമാരി (16), ലക്ഷമി കുമാരി (12) എന്നീ സഹോദരിമാരും സുഷമ കുമാരി (12), പിങ്കു കുമാരി (18), സുനിത കുമാരി (20) ബസന്തി കുമാരി (12) എന്നിവരുമാണ് മരിച്ചത്.
ബുക്രു ഗ്രാമത്തിലെ ഗോത്രോത്സവമായ കര്‍മ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പത്ത് പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘം. രണ്ടു പെണ്‍കുട്ടികള്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി ഇറങ്ങിയവരും അപകടത്തില്‍ പെടുകയായിരുന്നു. നാല് പേര്‍ സംഭവ സ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
പ്രകോപിതരായ നാട്ടുകാര്‍ ബാലുമത്ത്- ചത്ര ദേശീയപാത ഉപരോധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ഡപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ അബു ഇമ്രാന്‍ പറഞ്ഞു. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.