ഏഴുമാസം പ്രായമായ കുഞ്ഞ് നാലാം നിലയിൽ നിന്ന് വീണു; രക്ഷപ്പെടുത്തിയത് അത്ഭുകരമായി; വീഡിയോ വൈറൽ
|കുഞ്ഞ് നിലത്ത് വീഴാതിരിക്കാൻ ആളുകൾ ബെഡ്ഷീറ്റ് പിടിച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം
ചെന്നൈ: അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ആവടിക്ക് സമീപമുള്ള തിരുമുല്ലൈവോയലിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ നാലാം നിലയിൽ നിന്നാണ് കുഞ്ഞ് വീണത്.
രണ്ടാം നിലയിലെ ടിൻ ഷീറ്റിന്റെ അരികിൽ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ അപ്പാർട്ട്മെന്റിലെ താമസക്കാരാണ് രക്ഷപ്പെടുത്തിയത്. ജനാലയിലൂടെ ഒന്നാം നിലയിലെ ബാൽക്കണിയിലേക്ക് ഒരാൾ കയറിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കുഞ്ഞ് വീഴാതിരിക്കാൻ ആളുകൾ ബെഡ്ഷീറ്റ് താഴെ പിടിച്ചു നിൽക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ കുഞ്ഞ് മേൽക്കൂരയുടെ അരികിലേക്ക് വഴുതി വീണു. ഈ സമയം മറ്റൊരാൾ ബാൽക്കണിയിലേക്ക് കയറുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് അപ്പാർട്ട്മെന്റിലെ ആളുകൾക്ക് കുട്ടിയെ കൈമാറുകയും ചെയ്തു.രണ്ട് മിനിറ്റ് 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എതിർബ്ലോക്കിലെ ബാൽക്കണിയിലുള്ള ആളാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
കുഞ്ഞിന്റെ കൈക്കും കാലിനും നിസ്സാര പരിക്കുകളേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബാൽക്കണിയിൽ നിന്ന് മോപ്പ് എടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് വഴുതി വീഴുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.