ഏഴുവയസുകാരിയെ 18 മണിക്കൂർ സ്കൂളിൽ പൂട്ടിയിട്ടു; കണ്ടെത്തിയത് പിറ്റേന്ന് രാവിലെ
|മുഴുവൻ ജീവനക്കാർക്കുമെതിരെ നടപടിയെടുക്കുമെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ
ലഖ്നൗ: ഉത്തർപ്രദേശിലെ സംബാലിലെ സ്കൂളിൽ ഏഴുവയസ്സുകാരിയെ 18 മണിക്കൂറോളം പൂട്ടിയിട്ടു. ബുധനാഴ്ച രാവിലെ സ്കൂൾ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഗുന്നൗർ തഹസിലിലെ ധനാരി പട്ടിയിൽ പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിലെത്തിയിരുന്നില്ല. ഇതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശി സ്കൂളിലെത്തി കുട്ടിയെ അന്വേഷിച്ചു.എന്നാൽ സ്കൂളിൽ കുട്ടികളാരുമില്ലെന്നും എല്ലാവരും പോയെന്നുമായിരുന്നു ജീവനക്കാർ നൽകിയ മറുപടി. തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തി. അടുത്തുള്ള വനമേഖലയിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവിലെ സ്കൂളിലെത്തിയപ്പോഴാണ് കുട്ടിയെ ക്ലാസ്മുറിയിൽ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പോപ്പ് സിംഗ് പറഞ്ഞു.
കുട്ടിയുടെ വീട്ടുകാർ സ്കൂളിലെത്തി കാര്യം പറഞ്ഞിട്ടും അധ്യാപകരോ മറ്റ് ജീവനക്കാരോ ക്ലാസ് മുറികളിൽ പരിശോധന നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരതര വീഴ്ചയും അശ്രദ്ധയുമാണെന്നും മുഴുവൻ ജീവനക്കാർക്കുമെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.