75 വയസ്സെന്ന മാനദണ്ഡം: സിപിഎം പിബി; എസ്. രാമചന്ദ്രൻപിള്ള ഒഴിയും, പിണറായി തുടരും
|എസ്ആർപിക്ക് പകരം എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പിബിയിലെത്താനാണ് സാധ്യത
75 വയസ്സെന്ന മാനദണ്ഡം ബാധകമാക്കിയതോടെ സിപിഎം പൊളിറ്റ് ബ്യൂറോയിൽനിന്ന് മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻപിള്ള ഒഴിയും. പ്രായപരിധി പിന്നിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ പിബിയിൽ തുടരും. 75 വയസ് പിന്നിട്ടെങ്കിലും പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിലാണ് മുഖ്യമന്ത്രി തുടരുക. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലാണ് എസ്ആർപി ഒഴിയുന്നത്. പകരം എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ പിബിയിലെത്താനാണ് സാധ്യത. ബംഗാളിൽ നിന്നുള്ള സൂര്യകാന്ത് മിശ്രയും ബിമൻ ബസുവും പിബിയിൽനിന്ന് ഒഴിയും.
മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, എസ്. രാമചന്ദ്രൻപിള്ള എന്നിവരാണ് നിലവിൽ കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങൾ. എ. വിജയരാഘവൻ പിബിയിലെത്തിയാൽ പുതിയ എൽഡിഎഫ് കൺവീനർ വരും. എ.കെ. ബാലനെയോ ഇ.പി. ജയരാജനെയോ പരിഗണിക്കാനാണ് സാധ്യത. കേരളത്തിലെ സംസ്ഥാനസെക്രട്ടറിയേറ്റിലുണ്ടായത് പോലെ കേന്ദ്രകമ്മിറ്റിയിലും പുതുമുഖങ്ങൾ ഉണ്ടായേക്കും. കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് പ്രത്യേക ക്ഷണിതാക്കളുൾപ്പെടെ 18 പേരാണുള്ളത്. പാലൊളി മുഹമ്മദ് കുട്ടിയും വി.എസ്. അച്യുതാനന്ദനുമാണ് പ്രത്യേക ക്ഷണിതാക്കൾ. സംസ്ഥാനകമ്മിറ്റിയിലേത് പോലെ വി.എസ്. അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി നിലനിർത്തിയേക്കും. പാലൊളി മുഹമ്മദ് കുട്ടി ഒഴിയും. പിബിയിൽ നിന്ന് ഒഴിയുന്ന എസ്. രാമചന്ദ്രൻ പിള്ളയെ കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയേക്കുമെന്നാണ് സൂചന. പ്രായപരിധിയുടെ പേരിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പി. കരുണാകൻ, വൈക്കം വിശ്വൻ, എന്നിവർ മാറിയേക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കു കേന്ദ്രകമ്മിറ്റിയിലേക്ക് സാധ്യതയുണ്ട്. എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, ഇ.പി. ജയരാജൻ, അടക്കമുള്ള മറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങൾ തുടരും.
75-year-old standard; CPM PB; The. Ramachandran Pillai will step down and Pinarayi will continue