ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിക്ക് 76 അഭിഭാഷകരുടെ കത്ത്
|'മുസ്‍ലിംകളെ കൂട്ടക്കൊല ചെയ്യാനുള്ള ആഹ്വാനമാണുണ്ടായത്'
ഹരിദ്വാറിലെ ധര്‍മ സന്‍സദ് സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗവും കൊലവിളിയുമുയര്‍ന്ന സംഭവത്തില്‍ സുപ്രിംകോടതിക്ക് 76 അഭിഭാഷകരുടെ കത്ത്. വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായാണ് ചീഫ് ജസ്റ്റിസ് എൻ വി രമണയ്ക്ക് അഭിഭാഷകർ കത്തെഴുതിയത്.
വിഷയത്തില്‍ പൊലീസ് നടപടി കാര്യക്ഷമമല്ല, അതിനാല്‍ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. ഒരു സമൂഹത്തെ മുഴുവൻ കൊല ചെയ്യാനുള്ള പരസ്യമായ ആഹ്വാനമാണുണ്ടായത്. ദേശീയ ഐക്യത്തിന് ഭീഷണിയാണ് ഇത്തരം പ്രസംഗങ്ങള്‍. മാത്രമല്ല രാജ്യത്തെ ദശലക്ഷക്കണക്കിന് മുസ്‍ലിംകളുടെ ജീവൻ അപകടത്തിലാക്കുന്നതാണ് ഇത്തരം കൊലവിളിയെന്നും കത്തില്‍ പറയുന്നു. ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍, വൃന്ദ ഗ്രോവര്‍, സല്‍മാന്‍ ഖുര്‍ഷിദ്, അഞ്ജന പ്രകാശ് തുടങ്ങിയ അഭിഭാഷകരാണ് കത്തയച്ചത്.
ഡിസംബർ 17 മുതൽ 20 വരെ ഹരിദ്വാറിൽ നടന്ന വിവിധ ഹിന്ദുത്വ സംഘടനകളുടെ സമ്മേളനത്തിലാണ് മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ കൊന്ന് ഹിന്ദുരാഷ്ട്രം നിർമിക്കാൻ പരസ്യ ആഹ്വാനമുണ്ടായത്. പരിപാടിയിൽ വിവിധ സംഘടനാ നേതാക്കൾ നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ, ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരി, ബിജെപി നേതാവ് അശ്വിനി ഉപാധ്യായ, മഹിളാ മോർച്ച നേതാവ് ഉദിത് ത്യാഗി തുടങ്ങിയവരെല്ലാം മുസ്‍ലിംകൾക്കെതിരെ കലാപാഹ്വാനം നടത്തുകയും വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തു. മുസ്‍ലിംകൾക്കെതിരെ മ്യാൻമർ മാതൃകയിൽ വംശശുദ്ധീകരണം നടത്തണമെന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തിൽ പറഞ്ഞത്- ''മ്യാൻമർ മാതൃകയിൽ നമ്മുടെ പൊലീസും രാഷ്ട്രീയക്കാരും സൈന്യവും ഒപ്പം മുഴുവൻ ഹിന്ദുക്കളും ആയുധമെടുത്ത് വംശഹത്യ നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിൽ അവശേഷിക്കുന്നില്ല''.
ഹിന്ദു മഹാസഭ ജനറൽ സെക്രട്ടറി സാധ്വി അന്നപൂർണ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമെന്നാണ് ആഹ്വാനം ചെയ്തത്- ''അവരുടെ ജനസംഖ്യ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ കൊല്ലുക. ആയുധമില്ലാതെ ഒന്നും സാധ്യമല്ല. അവരെ കൊല്ലാനും ജയിലിൽ പോകാനും തയ്യാറാവുക. 20 ദശലക്ഷം ആളുകളെ കൊല്ലാൻ കഴിയുന്ന 100 സൈനികർ ഞങ്ങൾക്ക് ആവശ്യമാണ്".
മുസ്‍ലിംകളെ കൂട്ടക്കൊല നടത്തണമെന്ന പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. വിമര്‍ശനം ശക്തമായതോടെ നാല് ദിവസം കഴിഞ്ഞാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആറിൽ ആദ്യം ഒരേയൊരാളുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ- അടുത്തിടെ ഇസ്‍ലാം മതം വിട്ട് ഹിന്ദു മതത്തിലേക്ക് എത്തിയ വസീം റിസ്‌വി എന്ന ജിതേന്ദർ നാരായണിന്‍റെ പേര്. ധരം ദാസ്, സാധ്വി അന്നപൂര്‍ണ എന്നിവരുടെ പേരുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിന്‍റെ പേരില്‍ മാപ്പ് പറയില്ലെന്ന് ഹിന്ദു രക്ഷാ സേനാംഗം പ്രബോധാനന്ദ് ഗിരി വ്യക്തമാക്കി.