India
Arrest in Posters Against Prime Minister Narendra Modi In Gujarats Ahmedabad
India

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍: അഹമ്മദാബാദില്‍ എട്ട് പേര്‍ അറസ്റ്റില്‍

Web Desk
|
31 March 2023 6:12 AM GMT

'മോദി ഹഠാവോ ദേശ് ബച്ചാവോ' ('മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ') എന്നാണ് പോസ്റ്ററുകളിലുള്ളത്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്ററുകള്‍ പതിച്ച കേസിൽ എട്ട് പേർ അറസ്റ്റില്‍. 'മോദി ഹഠാവോ ദേശ് ബച്ചാവോ' ('മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ') എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. വാര്‍ത്താഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആം ആദ്മി പാര്‍ട്ടി രാജ്യവ്യാപകമായി മോദിക്കെതിരെ പോസ്റ്റര്‍ ക്യാമ്പെയിന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. അഹമ്മദാബാദിന്‍റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് അഹമ്മദാബാദ് പൊലീസ് അറിയിച്ചു.

11 ഭാഷകളിലാണ് എ.എ.പിയുടെ പോസ്റ്റര്‍ പ്രചാരണം. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഗുജറാത്തി, പഞ്ചാബി, തെലുങ്ക്, ബംഗാളി, ഒറിയ, കന്നഡ, മലയാളം, മറാത്തി എന്നീ ഭാഷകളിലാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യംചെയ്തും പോസ്റ്ററുകളുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ എന്നാണ് ചോദ്യം- "വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിക്ക് രാജ്യം കെട്ടിപ്പടുക്കാനാവുമോ? ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണം"- ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് പോസ്റ്ററുകൾ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് 49 എഫ്‌.ഐ‌.ആറുകൾ രജിസ്റ്റർ ചെയ്തു. ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ രണ്ടു പേർ പ്രിന്‍റിങ് പ്രസ് ഉടമകളാണ്.

Summary- Eight people have been arrested for putting "Modi Hatao, Desh Bachao" posters in different areas of Ahmedabad.

Similar Posts