'അവര്‍ വിദേശികളല്ല'; അസമിൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയവരിൽ ഭൂരിഭാഗം പേരും രേഖകൾ ഉള്ളവർ
|തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ 28 പേരുടെ പേര് വിവരങ്ങൾ പുറത്തുവന്നു
ഡല്‍ഹി: വിദേശികളെന്ന് മുദ്രകുത്തി അസമിൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയവരിൽ ഭൂരിഭാഗം പേരും രേഖകൾ ഉള്ളവർ. താമസ സർട്ടിഫിക്കറ്റും ആധാർ കാർഡും പാൻ കാർഡും ഉള്ളവർക്കെതിരെയാണ് നടപടി. തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ 28 പേരുടെ പേര് വിവരങ്ങൾ പുറത്തുവന്നു.
അസമിലെ ബാർപേട്ട ജില്ലയിൽ നിന്ന് വിദേശികളെന്ന് പ്രഖ്യാപിച്ച് ഫോറിനേഴ്സ് ട്രിബ്യൂണൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ ആളുകളിൽ ചിലരുടെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.അസമിൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയവരിൽ ഭൂരിഭാഗം പേരും രേഖകൾ ഉള്ളവർ
സർക്കാർ നൽകിയ ആധാർ കാർഡ്, പഞ്ചായത്ത് നൽകിയ താമസ സർട്ടിഫിക്കറ്റ്,പാൻ കാർഡ് തുടങ്ങി വിവിധ രേഖകൾ ഉണ്ടായായിട്ടും ഇവർ നുഴഞ്ഞുകയറ്റക്കാർ ആണെന്നാണ് ട്രിബ്യൂണലിന്‍റെ കണ്ടെത്തൽ. സർക്കാർ തന്നെ നൽകിയ ഇത്രയും അധികം രേഖകളും നൂറ്റാണ്ടുകളായി തങ്ങളുടെ ബന്ധുക്കൾ ഇവിടെ താമസിച്ചിട്ടും എന്ത് കൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്ന ചോദ്യം ശക്തമാകുകയാണ്.
രേഖകൾ ഉണ്ടെങ്കിലും ഒരാളെ വിദേശിയായി പ്രഖ്യാപിക്കാൻ നിരവധി മാർഗങ്ങളുണ്ടെന്നാണ് വിവരം. തടങ്കൽ കേന്ദ്രത്തിലായവർ വർഷങ്ങളായി നിയമ പോരാട്ടത്തിലായിരുന്നു. പാളയത്തിലേക്ക് മാറ്റിയവരെ എത്രയും വേഗം വിട്ടയക്കണമെന്ന ആവശ്യം ശക്തമാണ്. വിദേശികളായി മുദ്രകുത്തിയവരെല്ലാം ബംഗാളി മുസ്‍ലിംകളാണ്. വിദേശികളെന്ന് സംശയിക്കുന്നവരുടെ കേസുകൾ തീർപ്പാക്കാൻ വേണ്ടി ആരംഭിച്ച അർധ ജുഡീഷ്യൽ ബോഡിയാണ് ഫോറിനേഴ്സ് ട്രിബ്യൂണൽ. ഇത്തരത്തിൽ 100ഓളം ട്രിബ്യൂണലുകൾ അസമിൽ പ്രവർത്തിക്കുന്നുണ്ട്.