'ഭീകരപ്രവർത്തനത്തിനു തെളിവില്ല'; എട്ട് മുൻ പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നൽകി മദ്രാസ് ഹൈക്കോടതി
|പി.എഫ്.ഐയെ നിയമവിരുദ്ധ സംഘടനയായാണു പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഭീകരപ്രസ്ഥാനമല്ലെന്നും മദ്രാസ് കോടതി ചൂണ്ടിക്കാട്ടി
ചെന്നൈ: എട്ട് മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം നൽകി മദ്രാസ് ഹൈക്കോടതി. ഭീകരപ്രവർത്തനം നടത്തിയതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. യു.എ.പി.എ ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്തവരാണ് എല്ലാവരും.
ബറകത്തുല്ല, ഇദ്രീസ്, മുഹമ്മദ് അബൂതാഹിർ, ഖാലിദ് മുഹമ്മദ്, സയ്യിദ് ഇസ്ഹാഖ്, ഖാജാ മുഹ്‌യുദ്ദീൻ, യാസർ അറഫാത്ത്, ഫയാസ് അഹ്മദ് എ്‌നിവർക്കാണ് മദ്രാസ് ഹൈക്കോടതി ജാമ്യം നൽകിയത്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് മുൻ പി.എഫ്.ഐ പ്രവർത്തകരുടെ ജാമ്യഹരജി പരിഗണിച്ചത്. ഇവർ ഏതെങ്കിലും ഭീകരപ്രവർത്തനങ്ങൾ നടത്തിയതിനോ ഏതെങ്കിലും ഭീകരവാദ സംഘങ്ങളിൽ അംഗമായതിനോ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷനായിട്ടില്ലെന്ന് ജസ്റ്റിസുമാരായ എസ്.എസ് സുന്ദർ, സുന്ദർ മോഹൻ എന്നിവർ ചൂണ്ടിക്കാട്ടി.
ഇവർ ഭീകരവാദ പരിശീലനത്തിൽ പങ്കെടുത്തതിനും തെളിവില്ലെന്നും ഇതിനാൽ ഇവർക്കെതിരെ യു.എ.പി.എ പ്രകാരം ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ഹരജിക്കാരുമായി ബന്ധമില്ലാത്ത തെളിവുകൾ നിരത്തിയാണ് ഇവർക്കെതിരെ പ്രോസിക്യൂഷൻ കുറ്റാരോപണം നടത്തിയത്. ഇവർക്കെതിരെയുള്ള കുറ്റപത്രവും ആരോപണങ്ങളും വസ്തുതാപരമല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
പി.എഫ്.ഐയെ നിയമവിരുദ്ധ സംഘടനയായാണു പ്രഖ്യാപിച്ചിട്ടുള്ളതെന്നും ഭീകരപ്രസ്ഥാനമല്ലെന്നും മദ്രാസ് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സംഘടനയിൽ പ്രവർത്തിച്ചതുകൊണ്ട് ഇവരെ ഭീകരവാദികളായി കുറ്റം ചാർത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എട്ടുപേർക്കും ജയിലിൽനിന്നു പുറത്തിറങ്ങണമെങ്കിൽ ഒരു ലക്ഷം വീതം ജാമ്യത്തുകയായി കെട്ടിവയ്ക്കണം. അടുത്ത ഉത്തരവ് വരെ ദിവസവും രാവിലെ പത്തിന് പ്രത്യേക എൻ.ഐ.എ കോടതിക്കുമുൻപിലെത്താനും നിർദേശമുണ്ട്.
ഭീകരപ്രവർത്തനങ്ങൾക്കായി രാജ്യത്തും വിദേശത്തുനിന്നും പണം പിരിച്ചെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. കേരളം, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ വേണ്ടിയാണ് ഇവർ ധനസമാഹരണം നടത്തിയതെന്നാണ് ആരോപണം. കഴിഞ്ഞ ജനുവരിയിൽ ചെന്നൈയിലെ എൻ.ഐ.എ കോടതി ഇവരുടെ ജാമ്യഹരജി തള്ളിയിരുന്നു.
Summary: 8 PFI men held under UAPA get bail in Tamil Nadu