ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച 58 വിദ്യാർഥികളെ പുറത്താക്കി
|തുംകൂരിലെ ഗേൾസ് എംപ്രസ് ഗവ. പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ച 10 പെൺകുട്ടികൾക്കെതിരെ കേസെടുത്തു
കർണ്ണാടകയിൽ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച 58 വിദ്യാർഥികളെ പുറത്താക്കി.ശിവമോഗ പബ്ലിക് സ്‌കൂളിലെ വിദ്യാർഥികളെയാണ് പുറത്താക്കിയത്.ശിവമോഗ ജില്ലയിൽ ഹിജാബ് നിയന്ത്രണങ്ങൾക്കെതിരെ വെള്ളിയാഴ്ച പ്രതിഷേധം നടത്തിയ വിദ്യാർഥികളെയാണ് പുറത്താക്കിയത്.
ക്ലാസ് മുറിയിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥുകൾ പ്രതിഷേധിച്ചിരുന്നു. ഹിജാബ് ഞങ്ങളുടെ അവകാശമാണ്, ഹിജാബ് ഉപേക്ഷിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. സസ്പെൻഷൻ പിൻവലിക്കുന്നത് വരെ വിദ്യാർഥികളെ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. അതേസമയം, മറ്റ് പ്രതിഷേധക്കാർക്കെതിരെയും സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച ശിവമോഗ ജില്ലാ അതോറിറ്റി പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ ലംഘിച്ചതിന് 10 വിദ്യാർഥികൾക്കെതിരെ കേസെടുത്തു. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവ. പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്. സെക്ഷൻ 143,145,188,149 ഐ.പി.സി പ്രകാരമാണ് കേസെടുത്തത്. ഹിജാബ് ധരിക്കരുതെന്നും ഏതെങ്കിലും മതചിഹ്നം പ്രദർശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് തുമാകൂരിലെ ഒരു സ്വകാര്യ പ്രീ-യൂണിവേഴ്സിറ്റി കോളജിലെ ഗസ്റ്റ് ലക്ചറർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.