ഭർത്താവ് ട്രാൻസ്ജൻഡറാണെന്ന കാര്യം അറിയുന്നത് എട്ട് വർഷത്തിന് ശേഷം; വഞ്ചനക്ക് കേസെടുക്കണമെന്ന് ഭാര്യ
|യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
വഡോദര: ഭർത്താവ് ട്രാൻസ്ജൻഡറാണെന്ന കാര്യം മറച്ചുവെച്ചു എന്നാരോപിച്ച് പരാതിയുമായി യുവതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് ഭർത്താവ് ട്രാൻസ്ജൻഡറാണെന്ന് അറിയുന്നതെന്നും അതുകൊണ്ട് തന്നെ വഞ്ചനക്കും പ്രകൃതി വിരുദ്ധ ലൈംഗികതക്കും കേസെടുക്കണമെന്നാണ് യുവതിയുടെ ആവശ്യം. യുവതിയുടെ പരാതിയിൽ ഗോത്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വഡോദര സ്വദേശിനിയായ യുവതി 2014ലാണ് വീരജ് വർധൻ എന്ന യുവാവിനെ വിവാഹം കഴിക്കുന്നത്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇവർ പരിചയപ്പെട്ടത്. വിവാഹം കഴിഞ്ഞ് മാസങ്ങളോളം യുവതിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വീരജ് തനിക്ക് റഷ്യയിൽ വെച്ച് ഒരു വാഹനാപകടം ഉണ്ടായതായും അതിനാൽ ലൈംഗികശേഷി നഷ്ടപ്പെട്ടു എന്നുമാണ് യുവതിയോട് പറഞ്ഞിരുന്നത്. 2020 ൽ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി കൊൽക്കത്തയിലേക്ക് പോവുകയാണെന്ന് ഭാര്യയെ ധരിപ്പിച്ച ഇദ്ദേഹം ഒടുവില്‍ ഭാര്യയുടെ സമ്മർദത്തിന് വഴങ്ങുകയായിരുന്നു. തുടർന്ന് തന്‍റെ ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് അയാള്‍ക്ക് ഭാര്യയോട് പറയേണ്ടതായി വന്നു.
എന്നാല്‍ പിന്നീട് പ്രകൃതി വിരുദ്ധ ലൈഗികതക്ക് അദ്ദേഹം തന്നെ നിർബന്ധിച്ചെന്നും മറ്റാരോടെങ്കിലും ഇതിനെകുറിച്ച് പറഞ്ഞാൽ വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായി ഭാര്യ പറയുന്നു. കേസിന്‍റെ ഭാഗമായി ഡൽഹി സ്വദേശിയായ ഭർത്താവിനെ വഡോദരയിലേക്ക് കൊണ്ടുവന്ന് ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.