India
80 percent journalists believe media covers Modi too favourably says Lokniti CSDS study
India

മാധ്യമങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്ന് 82 ശതമാനം മാധ്യമപ്രവര്‍ത്തകര്‍; സര്‍വെ ഫലം പുറത്ത്

Web Desk
|
30 July 2023 6:08 AM GMT

ടെലിവിഷന്‍, അച്ചടി മാധ്യമം, ഡിജിറ്റൽ എന്നീ മാധ്യമങ്ങളിൽ നിന്നുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്

ഡല്‍ഹി: തങ്ങള്‍ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനം ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്ന് 82 ശതമാനം മാധ്യമപ്രവർത്തകരും കരുതുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. ലോക്നീതിയും സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസും (സി.എസ്.ഡി.എസ്) നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

'ഇന്ത്യയിലെ മാധ്യമങ്ങള്‍: ട്രെൻഡുകളും പാറ്റേണുകളും' എന്ന വിഷയത്തില്‍ നടത്തിയ സര്‍വെയില്‍ 206 മാധ്യമപ്രവര്‍ത്തകരാണ് പങ്കെടുത്തത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ മാധ്യമങ്ങളുടെ സാന്നിധ്യവും മാധ്യമപ്രവര്‍ത്തകരിലും ഉപഭോക്താക്കളിലും മാധ്യമങ്ങളുടെ സ്വാധീനവും വിലയിരുത്താനാണ് സര്‍വെ നടത്തിയത്.

ടെലിവിഷന്‍, അച്ചടി മാധ്യമം, ഡിജിറ്റൽ എന്നീ മാധ്യമങ്ങളിൽ നിന്നുള്ളവരാണ് സര്‍വെയില്‍ പങ്കെടുത്തത്. സര്‍വെയില്‍ പങ്കെടുത്തവരിൽ 75 ശതമാനം പേരും പുരുഷന്മാരാണ്. ഭാഷ, പ്രായം, സീനിയോറിറ്റി, മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍, സ്വതന്ത്രരായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലുള്ളവര്‍ സര്‍വെയില്‍ പങ്കെടുത്തു.

സർവെയിൽ പങ്കെടുത്ത നാലിൽ മൂന്ന് മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങള്‍ ഒരു പാര്‍ട്ടിയെ അനുകൂലിക്കുന്നുവെന്ന് സമ്മതിച്ചു. ഏതു പാര്‍ട്ടിയെ എന്ന ചോദ്യത്തിന് ബി.ജെ.പിയെ എന്നാണ് 82 ശതമാനം പേരും മറുപടി നല്‍കിയത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയപ്പോൾ ഇത് 89 ശതമാനമായി ഉയർന്നു. മാധ്യമങ്ങൾ നരേന്ദ്ര മോദിക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് 80 ശതമാനം മാധ്യമപ്രവര്‍ത്തകരും കരുതുന്നു.

മോദി സർക്കാരിനെ അനുകൂലിച്ചും പ്രതിപക്ഷ പാർട്ടികളെ കുറിച്ച് നീതിയുക്തമല്ലാതെയും മാധ്യമങ്ങള്‍ കവറേജ് നൽകുന്നുവെന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ കരുതുന്നു. ഇന്ത്യയിലെ വാർത്താമാധ്യമങ്ങൾ അന്യായമായി മുസ്‍ലിം സമുദായത്തെ ലക്ഷ്യമിടുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. 26 ശതമാനം പേർ അതെ എന്ന് മറുപടി നല്‍കി.

രാഷ്ട്രീയ ചായ്‍വ് മൂലം ജോലി വിടാന്‍ മാധ്യമസ്ഥാപനങ്ങള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് 16 ശതമാനം പേര്‍ പറഞ്ഞു. സർവെയിൽ പങ്കെടുത്ത പകുതിയിലധികം പേരും തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് കാരണം ജോലി നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടുന്നു.

സര്‍വെയില്‍ പങ്കെടുത്തവരില്‍ 85 ശതമാനം സ്ത്രീകളും 66 ശതമാനം പുരുഷന്മാരും ജോലി മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞു. സര്‍വെയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് പേരും ജോലി ശാരീരിക ആരോഗ്യത്തെ ബാധിച്ചെന്ന് പറഞ്ഞു. ചെറുപ്പക്കാരായ മാധ്യമപ്രവര്‍ത്തകരും ഇംഗ്ലീഷ് ഭാഷയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുമാണ് ശാരീരിക ആരോഗ്യത്തെ ജോലി ബാധിക്കുന്നുവെന്ന് പറഞ്ഞത്. ജോലിഭാരം കുടുംബ ബന്ധത്തെയും ബാധിച്ചെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

കോവിഡ് മഹാമാരിക്കും ആഗോള സാമ്പത്തിക മാന്ദ്യത്തിനും ശേഷം മാധ്യമ മേഖലയില്‍ പിരിച്ചുവിടലുകളുണ്ടായെന്നും സര്‍വെഫലം പറയുന്നു. ജോലി വിടാന്‍ മാധ്യമ സ്ഥാപനങ്ങള്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് 45 ശതമാനം മാധ്യമപ്രവര്‍ത്തകരും പറഞ്ഞു. നാലിൽ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും തങ്ങളുടെ നിലവിലെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും സര്‍വെയില്‍ നിന്ന് വ്യക്തമായി.

Related Tags :
Similar Posts