India
ഡൽഹി മാറുന്നു: 85 പുതിയ കോവിഡ് കേസുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.12
India

ഡൽഹി മാറുന്നു: 85 പുതിയ കോവിഡ് കേസുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.12

Web Desk
|
27 Jun 2021 2:45 AM GMT

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 85 പുതിയ കോവിഡ് കേസുകള്‍. 2020 മെയ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 85 പുതിയ കോവിഡ് കേസുകള്‍. 2020 മെയ് ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഒമ്പത് മരണങ്ങളും. ഇതോടെ മരണ സംഖ്യ 24,961 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.12 ശതമാനമായി കുറഞ്ഞു. ഇത് എക്കാലത്തെയും താഴ്ന്ന ടി.പി.ആര്‍ ആണ്.

നഗരത്തിൽ നിലവിൽ 1,598 കോവിഡ് രോഗികളാണുള്ളത്. മാർച്ച് 3ന് ശേഷമുള്ള ഏറ്റവും കുറവ് രോഗികളാണിത്. ഡല്‍ഹിയില്‍ ഇതുവരെ 14.33 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കേസുകള്‍ ദിനേനെ കുറയുന്നുണ്ടെങ്കിലും മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നല്‍കുന്നത്. അതേസമയം സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ അതിനെ നേരിടാൻ തയ്യാറാണെന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം തരംഗത്തിൽ പേടിപ്പെടുത്തുന്ന രാവും പകലുമാണ് ഡല്‍ഹിക്ക് നല്‍കിയത്. ദിവസേന 100ലധികം പേരാണ് കോവിഡ് മൂലം മരിച്ചത്. ആശുപത്രികളിൽ ഓക്സിജൻ ലഭ്യതക്കുറവ് ഉണ്ടായതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മൃതദേഹങ്ങള്‍ ദഹിപ്പിക്കാനുള്ള വരിയും കത്തുന്ന ചിതയുമെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ ഇടം നേടി. ഏപ്രിൽ 19 മുതൽ, ദിവസേനയുള്ള കോവിഡ് കേസുകളും മരണങ്ങളുടെ വര്‍ധിച്ചു, ഏപ്രിൽ 20ന് 28,000 കേസുകളും 277 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയത് 306 മരണങ്ങൾ. മെയ് 3ന് നഗരത്തിൽ 448 മരണങ്ങളും രേഖപ്പെടുത്തി.

അതേസമയം കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതാണ് ഇപ്പോള്‍ കാണുന്നത്. അതോടൊപ്പം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും കുറയുന്നു. പ്രതിദിനം മരണപ്പെടുന്നവരുടെ എണ്ണം കുറയുന്നതും ആശ്വാസമാണ്. ഘട്ടംഘട്ടമായുള്ള അണ്‍ലോക്കിങ് ആണ് ഡല്‍ഹിയിലിപ്പോള്‍. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ഷോപ്പുകളും മാർക്കറ്റുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts