നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയില്‍ പൊട്ടിത്തെറി; ഒമ്പതു മരണം
|മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒമ്പതുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഡ്യൂട്ടിയിലായിരുന്ന തൊഴിലാളികളാണ് സ്‌ഫോടനത്തിൽ മരിച്ചത്.
സ്ഫോടനം നടക്കുമ്പോൾ സോളാർ കമ്പനിയുടെ യൂണിറ്റിനുള്ളിൽ 12 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനത്തിന്റെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്.സോളാർ എക്സ്പ്ലോസീവ് കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റർ പ്ലാന്റിൽ പാക്ക് ചെയ്യുന്ന സമയത്താണ് സ്ഫോടനമുണ്ടായതെന്ന് നാഗ്പൂർ പൊലീസ് സൂപ്രണ്ട് ഹർഷ് പോദ്ദാർ പറഞ്ഞു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി. സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വിറ്ററിലൂടെ അറിയിച്ചു. സുരക്ഷാ യൂണിറ്റുകൾക്കായി ഡ്രോണുകളും സ്‌ഫോടക വസ്തുക്കളും കമ്പനി നിർമ്മിക്കുന്നുണ്ടെന്ന് ഫഡ്‌നാവിസ് അറിയിച്ചു. മുൻ ആഭ്യന്തരമന്ത്രിയും കാട്ടോൾ എംഎൽഎയുമായ അനിൽ ദേശ്മുഖും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.