സി.ഇ.ഒയുടെ ശമ്പളം 9.6ൽനിന്ന് 4.6 കോടിയാക്കി; ഫിസിക്‌സ് വാലയ്ക്ക് 2023ൽ 91 ശതമാനം വരുമാന നഷ്ടം
|2023ൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി 413.8 കോടിയാണ് കമ്പനി ചെലവഴിച്ചത്
അധ്യാപകനും യൂട്യൂബറും സംരംഭകനുമായ അലഖ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള എഡ്‌ടെക് സംരംഭം ഫിസിക്സ് വാലയ്ക്ക് 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മൊത്ത ലാഭത്തിൽ 91 ശതമാനം ഇടിവ്. രാജ്യത്ത് ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന യൂണികോൺ എഡ്‌ടെകാണ് ഫിസിക്‌സ് വാല. 2022-23 സാമ്പത്തിക വർഷത്തിൽ (FY23) 8.9 കോടിയാണ് കമ്പനി നേടിയത്. എന്നാൽ മുൻ സാമ്പത്തിക വർഷത്തിൽ 98.2 കോടി രൂപ അവർ കയ്യിലാക്കിയിരുന്നു. ചെലവുകൾ കുത്തനെ വർധിച്ചതാണ് ലാഭം കുറയാനിടയാക്കിയത്.
മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന ഒരു യൂട്യൂബ് ചാനലായാണ് 2016-ൽ പാണ്ഡെ ഫിസിക്‌സ് വാല സ്ഥാപിച്ചത്. പിന്നീട്, ഇത് ഒരു സമ്പൂർണ എഡ്ടെക് സംരംഭമാക്കി മാറ്റുകയും നിരവധി കോഴ്‌സുകൾ കൊണ്ടുവരികയുമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സ്റ്റാർട്ടപ്പ് വിപുലീകരിക്കാനുള്ള ശ്രമത്തിലായിരുന്നു അലഖ്. 2020-ൽ പ്രതീക് മഹേശ്വരി ഫിസിക്‌സ് വാലയുടെ സഹസ്ഥാപകയായി.
2023 സാമ്പത്തിക വർഷത്തിൽ സംരംഭത്തിന്റെ പ്രവർത്തന വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ 233 കോടി രൂപയിൽ നിന്ന് 779.3 കോടി രൂപയായി വർധിച്ചു. മറ്റ് വരുമാനം ഉൾപ്പെടെ, 2023ൽ സ്റ്റാർട്ടപ്പിന്റെ മൊത്തവരുമാനം 804.6 കോടിയാണ്. 2022-ലെ 234.6 കോടിയിൽനിന്ന് 243% വർധനവാണ് നേടിയത്. ഓഫ്ലൈൻ രംഗത്തുള്ള വിപുലീകരണവും ഏറ്റെടുക്കലുകളുമാണ് ഫിസിക്‌സ് വാലയുടെ ലാഭം കുറച്ചത്. 2023 സാമ്പത്തിക വർഷത്തിൽ 794.5 കോടി രൂപയാണ് സംരംഭത്തിന്റെ മൊത്തം ചെലവ്. 2022ൽ 103.1 കോടി രൂപയായിരുന്ന ചെലവ് 671 ശതമാനമാണ് വർധിച്ചത്.
സ്റ്റാർട്ടപ്പിന്റെ ഏറ്റവും വലിയ ചെലവ് ജീവനക്കാർക്ക് വേണ്ടിയുള്ളതാണ്. 2023ൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായി 413.8 കോടിയാണ് കമ്പനി ചെലവഴിച്ചത്. 2022ൽ 42.3 കോടി രൂപയായിരുന്നു ഈയിനത്തിൽ ചെലവഴിച്ചത്. 878 ശതാനം അല്ലെങ്കിൽ ഏതാണ്ട് പത്ത് മടങ്ങ് വർധനവുണ്ടായി.
ലിങ്ക്ഡ്ഇൻ അനുസരിച്ച്, സ്റ്റാർട്ടപ്പിൽ നിലവിൽ 10,000-ത്തിലധികം ജീവനക്കാരുണ്ട്. ഫിസിക്‌സ് വാല ഉൾപ്പെടെയുള്ള മിക്ക എഡ്ടെക് സ്റ്റാർട്ടപ്പുകളും സ്റ്റാർ ടീച്ചർമാർക്ക് മികച്ച ശമ്പളം നൽകുന്നുണ്ട്. എന്നാൽ രസകരമായ കാര്യം, സിഇഒയായ പാണ്ഡെയുടെ പ്രതിഫലത്തിൽനിന്ന് അഞ്ച് കോടി കുറച്ചിരിക്കുകയാണ് കമ്പനി. 2022 സാമ്പത്തിക വർഷത്തിൽ 9.6 കോടി രൂപയായിരുന്ന ശമ്പളം 2023ൽ 4.6 കോടി രൂപയായി കുറക്കുകയായിരുന്നു.
അതിനിടെ, സ്റ്റാർട്ടപ്പിന്റെ പരസ്യച്ചെലവ് വർധിച്ചിരിക്കുകയാണ്. മുൻ സാമ്പത്തിക വർഷത്തിൽ ഈയിനത്തിൽ 11 കോടി രൂപയിൽ ചെലവിട്ടപ്പോൾ 2023ൽ ആറ് മടങ്ങ് വർധിച്ച് 67 കോടി രൂപയായി. ഓഫ്ലൈൻ രംഗത്ത് സജീവമായതോടെ വാടകയിനത്തിലും വലിയ ചെലവ് വരുന്നു. കഴിഞ്ഞ വർഷം ഈയിനത്തിൽ 3.5 കോടിയാണ് ചെലവിട്ടിരുന്നത്. എന്നാൽ 2023ൽ വാടക ചെലവ് 1,500 ശതമാനം വർധിച്ച് 57 കോടിയായി.
വെസ്റ്റ്ബ്രിഡ്ജിൽ നിന്നും ജിഎസ്‌വി വെഞ്ചേഴ്സിൽ നിന്നും ആദ്യ ഫണ്ടിംഗ് റൗണ്ടിലൂടെ നൂറ് മില്യൺ ഡോളർ സമാഹരിച്ചുകൊണ്ട് സ്റ്റാർട്ടപ്പ് 2022-ൽ യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചിരുന്നു. ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാത്ത, എന്നാൽ ഒരു ബില്യൺ യു.എസ് ഡോളറിലേറെ വരുമാനമുള്ള സ്വകാര്യ കമ്പനികളാണ് യൂണികോൺ സ്റ്റാർട്ടപ്പിൽപ്പെടുന്നത്. നിക്ഷേപം വർധിപ്പിച്ച ശേഷം ഒന്നിലധികം സ്റ്റാർട്ടപ്പുകളും കമ്പനികളും ഫിസിക്‌സ് വാല സ്വന്തമാക്കിയിരുന്നു. PW സ്‌കിൽസിലുടെ ബിരുദാനന്തര പ്രോഗ്രാമുകൾ നൽകാനും തുടങ്ങി. ഇന്ത്യയിലുടനീളമുള്ള 60 വിദ്യാപീഠ് കേന്ദ്രങ്ങളിലൂടെ ഓഫ്ലൈനായും ഹൈബ്രിഡ് കോച്ചിംഗായുമുള്ള ഓപ്ഷനുകൾ സംരംഭം വാഗ്ദാനം ചെയ്യുന്നു. ഈ മാസം ആദ്യം, പിഡബ്ല്യു ഗുരുകുലം സ്‌കൂൾ ആരംഭിച്ച് ഓഫ്‌ലൈൻ പ്രൈമറി വിദ്യാഭ്യാസ രംഗത്തേക്കും പ്രവേശിച്ചു.
വിപുലീകരണത്തിന്റെ ഭാഗമായി, ഫിസിക്‌സ് വാല നിരവധി ഏറ്റെടുക്കലുകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ, 61 മില്യൺ ഡോളറിന്റെ ഇടപാടിലൂടെ സൈലം ലേണിംഗിന്റെ 50% ഓഹരികൾ സ്വന്തമാക്കി. യുപിഎസ്സി വെർട്ടിക്കൽ ശക്തിപ്പെടുത്തുന്നതിന് 100 കോടി രൂപയും പിഡബ്ല്യു സ്‌കിൽസ് മെച്ചപ്പെടുത്തുന്നതിന് 120 കോടി രൂപയും നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ മൂലധനം സംരക്ഷിക്കാനായി കഴിഞ്ഞ വർഷം നവംബറിൽ ഏകദേശം 70-120 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേസമയം, പ്രവർത്തന മികവില്ലാത്തതാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സ്റ്റാർട്ടപ്പ് പറഞ്ഞത്.
ഐഐടി പരീക്ഷ തോറ്റ അലഖ്; ഫിസിക്‌സ് വാലയുടെ സിഇഒയായ കഥ
ഏറ്റവും ലാഭകാരമായ എഡ്‌ടെക് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫിസിക്‌സ് വാലയുടെ സി.ഇ.ഒയായ അലാഖ് പാണ്ഡെ ആ രംഗത്തെത്തിയത് ഏറെ പരീക്ഷണങ്ങൾ മറികടന്നാണ്. മുമ്പ് ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ തോൽവിയേറ്റുവാങ്ങേണ്ടി വന്ന ഇദ്ദേഹം പതറാതെ ജീവിതത്തിലെ ഒരോ ഘട്ടവും മറികടക്കുകയായിരുന്നു. ഫിസിക്‌സ് വാലയിൽ അധ്യാപകനായും ജോലി ചെയ്യുന്ന അലഖ് 4.6 കോടിയാണ് വാർഷിക ശമ്പളം വാങ്ങുന്നത്. സാധാരണ വാർത്തകളിൽനിന്ന് വിട്ടുനിൽക്കുന്ന അലഖ് തന്റെ സംരംഭത്തിന്റെ വാർഷിക ഫയലിംഗ് നടത്തിയതോടെയാണ് വിവരം പുറത്തുവന്നത്. 2023 സാമ്പത്തിക വർഷത്തിൽ 4.6 കോടിയാണ് വാർഷിക ശമ്പളമെങ്കിൽ അതിന് മുമ്പുള്ള വർഷത്തിൽ 9.6 കോടിയായിരുന്നു ശമ്പളം.
5000 രൂപ ശമ്പളം വാങ്ങി അധ്യാപനം തുടങ്ങിയ അലഖ് ഇപ്പോൾ അനവധി വിദ്യാർഥികളുടെ ഇഷ്ട അധ്യാപകനാണ്. ഐ.ഐ.ടിയിൽ ചേരണമെന്ന മോഹവുമായി നടന്ന ഇദ്ദേഹം കാൺപൂരിലെ ഹാർകോറട്ട് ബട്‌ലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് ചേർന്നത്. എന്നാൽ കോഴ്‌സ് പൂർത്തിയാക്കിയില്ല. മൂന്നാം വർഷത്തിന് ശേഷം കോളേജ് വിട്ടു. കോവിഡ് കാലത്ത് ഉത്തർപ്രദേശിലെ ചെറിയ മുറിയിൽ വെച്ച് യൂട്യൂബ് വീഡിയോകൾ ചെയ്താണ് അലഖ് തന്റെ യാത്ര തുടങ്ങിയത്. വീഡിയോകൾ വലിയ ശ്രദ്ധയാകർഷിച്ചതോടെ അദ്ദേഹത്തിന്റെ തലവര തെളിഞ്ഞു. പിന്നീട് എഡ്‌ടെക് കമ്പനി സ്ഥാപിച്ചു. 500ലേറെ അധ്യാപകരും നൂറ് സാങ്കേതിക പ്രവർത്തകരുമായി കമ്പനി മുന്നേറുന്നു.
അലഹബാദിൽ ജനിച്ച അലഖിന് നടനാകാനായിരുന്നു താൽപര്യം. എന്നാൽ വീട്ടിലെ ദാരിദ്രം എട്ടാം ക്ലാസിൽ പഠിക്കവേ തന്നെ ട്യൂഷ്യനെടുത്ത് പണം കണ്ടെത്താൻ അദ്ദേഹം നിർബന്ധിതനായി. അലഖിന്റെയും സഹോദരി അതിഥിയുടെയും വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വീട് വിറ്റു. എന്നാൽ പ്രതിസന്ധികൾ മറികടന്ന് അലഖ് പ്ലസ്ടുവിൽ 93.5 ശതമാനം മാർക്ക് നേടി.