പാനിപുരിയിൽ നിന്ന് ഭക്ഷ്യവിഷബാധ; 97 കുട്ടികൾ ആശുപത്രിയിൽ
|വ്യാപാരമേളയിൽ പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണശാലയിൽ നിന്ന് പാനിപുരി കഴിച്ച കുട്ടികൾക്കാണ് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റത്
ഭോപ്പാൽ: മധ്യപ്രദേശിൽ പാനിപുരി കഴിച്ച 97 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. വ്യാപാരമേളയിൽ പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണശാലയിൽ നിന്ന് പാനിപുരി കഴിച്ച കുട്ടികൾക്കാണ് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റത്.
മാണ്ഡ്ല ജില്ലയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ആദിവാസി മേഖലയായ സിംഗാർപൂർ പ്രദേശത്ത് സംഘടിപ്പിച്ച വ്യാപരമേളയിൽ പങ്കെടുത്ത കുട്ടികളാണ് രോഗബാധിതരായത്. മേളയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന പാനിപുരി ഷോപ്പിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റത്.
രാത്രി ഏഴരയോടെ കുട്ടികൾ വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് മുഴുവൻ കുട്ടികളെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ സർജൻ ഡോ കെ ആർ ശാക്യ പറഞ്ഞു. നിലവിൽ കുട്ടികൾ അപകടനില തരണം ചെയ്തു. പാനിപുരി ഷോപ്പ് ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.