India
BJP
India

മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ബൂത്തുകളിൽ പ്രശ്നമുണ്ടാക്കണമെന്ന് ആഹ്വാനം; ബി.ജെ.പി നേതാവ് പിടിയിൽ

Web Desk
|
2 May 2024 3:37 PM GMT

‘പൊലീസ് വിഷയത്തിൽ ഇടപെടാതിരിക്കാൻ കൈക്കൂലി നൽകണം’

ലഖ്നൗ: മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ബൂത്തുകളിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കണമെന്ന് ബി.ജെ.പി നേതാവ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന സന്ദേശം പുറത്ത്. സംഭവം വിവാദമായതോടെ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർ​ പ്രദേശിലെ സംഭാൽ ലോക്സഭാ മണ്ഡലത്തിലാണ് സംഭവം. ബി.ജെ.പി സെക്രട്ടറി ഭുവനേഷ് വർഷ്നേയയുടെ സന്ദേശമാണ് വിവാദമായത്.

മുസ്‍ലിം ഭൂരിപക്ഷമുള്ള പ്രദേശമാണ് സംഭാൽ. ബൂത്തിന് പുറത്ത് ധാരാളം സ്ത്രീകളെ കണ്ടാൽ പ്രശ്നമുണ്ടാക്കണമെന്നും അപ്പോൾ അവർ വോട്ട് ചെയ്യാതെ മടങ്ങുമെന്നുമാണ് നേതാവിന്റെ സന്ദേശം.

പൊലീസ് വിഷയത്തിൽ ഇടപെടാതിരിക്കാൻ അവർക്ക് കൈക്കൂലി നൽകണമെന്ന് പറയുന്നതും സന്ദേശത്തിൽ കേൾക്കാം. ബെഹ്‌ജോയ് പട്ടണത്തിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിനിടെയാണ് ഈ നിർദേശങ്ങൾ നൽകിയത്.

അതേസമയം, ഈ വിഡിയോ പഴയതാണെന്നും ഇപ്പോൾ വൈറലാവുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. ഭുവനേഷ് വർഷ്നേയയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മെയ് ഏഴിനാണ് ഇവിടെ തെരഞ്ഞെടുപ്പ്.

Related Tags :
Similar Posts