കോടിക്കണക്കിന് അനുയായികളുള്ള ആൾദൈവം, അത്യാഡംബര ജീവിതവും സ്വന്തമായി സേനയും; ആരാണ് ഭോലെ ബാബ?
|കൊട്ടാരസമാനമായ ആശ്രമത്തിലാണ് ബാബയുടെ ജീവിതം
ഉത്തർപ്രദേശ്: കോടിക്കണക്കിന് ആരാധകരുള്ള ആൾദൈവമാണ് ഹാഥ്റസ് അപകത്തിൽ പൊലീസ് തിരയുന്ന ഭോലെ ബാബ. ഉത്തർപ്രദേശിലെ കർഷക കുടുംബത്തിൽ ജനിച്ച സുരാജ് പാൽ സിങ്, ബോലെ ബാബ ആയ കഥ ആരെയും അതിശയിപ്പിക്കും.
വെള്ളക്കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ചെത്തി വിശ്വാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ഈ 60-കാരനെ ദൈവത്തിന്റെ മറ്റൊരു രൂപമായാണ് ഉത്തരേന്ത്യക്കാർ കണ്ടത്. ബഹദൂർ നഗരിയിലെ കർഷക കുടുംബത്തിൽ ജനിച്ച സുരാജ് പാൽ സിംഗ് പൊലീസ് ഹെഡ് കോൺസ്റ്റബളായിരുന്നു. പിന്നീട് സ്വയം വിരമിച്ചു. നാരായൺ സാഗർ ഹരി എന്ന പുതിയ പേര് സ്വീകരിച്ച ബാബ ദൈവം നീ തന്നെയാണെന്ന് വിശ്വാസികളോട് വിളിച്ചുപറഞ്ഞു.
ബാബയെക്കാണാൻ 'സത്സംഗ്' യോഗങ്ങളിൽ ലക്ഷക്കണക്കിനാളുകളാണ് ഇരച്ചെത്തിയിരുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് നാരായൺ സാഗർ ഹരിക്ക് ആരാധകരേറെയുള്ളത്. മിക്ക സത്സംഗുകളിലും ബാബയ്ക്കൊപ്പം ഭാര്യ പ്രേം ഭാട്ടിയും എത്തിയിരുന്നു.
നൂറ് കണക്കിന് ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന കൊട്ടാരസമാനമായ ആശ്രമത്തിലാണ് ബാബയുടെ ജീവിതം. നിരവധി വാഹനങ്ങളുടെ അകമ്പടിയിലാണ് ഭോലെ ബാബ യോഗങ്ങൾക്ക് എത്തിയിരുന്നുത്. മന്ത്രിമാരുൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പോലും ബാബയെ ഒരു നോക്കു കാണാൻ സത്സംഗുകളിൽ എത്തി. തന്റെ സുരക്ഷക്കായി നാരായണിസേന എന്ന പേരിൽ ഒരു സേന തന്നെയുണ്ട് ഈ ആൾദൈവത്തിന്.
നേരത്തെയും അനുവദിച്ചതിലധികം അളുകളെ പങ്കെടുപ്പിച്ച് സത്സംഗ് സംഘടിപ്പിച്ചതിന് വിവാദത്തിലായിട്ടുണ്ട് ഭോലെ ബാബ. 2022 ൽ കൊവിഡ് ഭീതിയുടെ സമയത്ത് അൻപതിനായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് യോഗം സംഘടിപ്പിച്ചത്. അന്ന് അൻപത് പേർക്ക് മാത്രമായിരുന്നു അനുമതി.